തെരഞ്ഞെടുപ്പിൽ പോസ്റ്ററിന് പ്രധാന റോളുണ്ട്. അതുകൊണ്ട് തന്നെ മികവുറ്റ പോസ്റ്ററുകൾ ഇറക്കി തരംഗം സൃഷ്ടിക്കാനാണ് മുന്നണികളുടെ നീക്കം.
എന്നാൽ ഈ തെരഞ്ഞെടുപ്പിൽ വൈറലായത് നൈറ്റി ധരിച്ച് തോളിൽ വെള്ളത്തോർത്തുമിട്ട് വനാതിർത്തിയിലെ ടാർറോഡിലൂടെ നടന്നു വരുന്ന സ്ഥാനാർഥിയായ ശ്രീജ ഷിജോയുടേതാണ്.
എറണാകുളം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിലെ LDF സ്‌ഥാനാർഥിയാണ് ശ്രീജ.
ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല സെക്രട്ടറി അഭിലാഷ് അനിരുദ്ധനാണു ചിത്രം ക്യാമറയിൽ പകർത്തിയത്. വേങ്ങൂർ ലോക്കൽ കമ്മിറ്റിയംഗമായ ശ്രീജ യോഗം കഴിഞ്ഞു വീട്ടിലെത്തി ആടിനു തീറ്റ ശേഖരിച്ചു മട ങ്ങുമ്പോഴാണ് അനിരുദ്ധൻ ചിത്രം പകർത്തിയത്. അർബുദ അതിജീവിത കൂടിയാണ് വൈറൽ സ്ഥാനാർഥി.
സജീവ പാർട്ടി പ്രവർത്തകയായ ശ്രീജയെ 5 വർഷം മുൻപാണ് അർബുദം പിടികൂടിയത്. എന്നാൽ അതിനെ ശ്രീജ അതിജീവിച്ചു. ശേഷം ഇപ്പോൾ തെരഞ്ഞെടുപ്പ് അഗ്നി പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് ശ്രീജ.
















