ബെംഗളുരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പിടിവലിയിൽ മൂന്നാമതൊരാളുടെ പേരുകൂടി ഉയർന്നു വരുന്നു. ഡി കെ ശിവകുമാറിന് വേണ്ടി ഒരു വിഭാഗം എംഎല്‍എമാരും പ്രവര്‍ത്തകരും ആവശ്യമുന്നയിക്കുമ്പോഴാണ് ഇത്.
അതേസമയം കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗം ഡികെ ശിവകുമാറിനായി പൂജകൾ നടത്തി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു മാറ്റം വരില്ലെന്ന നിലപാടിലാണ് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഡികെ ശിവകുമാറും സിദ്ധരാമയ്യയെയും കൂടാതെ സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പേരാണ് ഈ പട്ടികയിലേക്ക് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യമുയരുന്നുണ്ടെന്ന് അദ്ദേഹം സൂചനകൾ നൽകിയിരുന്നു.
നേതൃത്വമാറ്റത്തെ കുറിച്ച് ആവശ്യമെങ്കിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ച ശേഷം എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ തീരുമാനിക്കുമെന്നും പരമേശ്വര ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ഹൈക്കമാൻഡ് ബന്ധപ്പെട്ടിട്ടില്ലെന്നും പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
















