കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന് കൊയിലാണ്ടിയിൽ തുടക്കം കുറിച്ചു അതും രചനാമത്സരങ്ങളിലൂടെ. ഉപ്‌ജില്ലകളെ പ്രതിനിധീകരിച്ച് രാവിലെ മുതൽ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോഴേ, ജീവിഎച്ച്എസ്എസിലെ വിവിധ വേദികൾ സർഗശബ്ദത്തോടെ മുഴങ്ങിത്തുടങ്ങി.
ജീവിഎച്ച്എസ്എസിലെ വിവിധ വേദികളിലായാണ് രചനാ മത്സരം. മലയാളം, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ കവിത, കഥ, ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങൾ രാവിലെ ആരംഭിച്ചു.
ആദ്യദിവസം രചനാ മത്സരമേയുള്ളൂവെങ്കിലും റവന്യൂ കലോത്സവം തുടങ്ങിയതിലെ ആഹ്ലാദത്തിലാണ് കൊയിലാണ്ടിക്കാർ. അടുത്ത ദിവസങ്ങളിൽ കൊയിലാണ്ടി നഗരം കലാവിരുന്നിന്റെ സർഗനിമിഷങ്ങളിൽ ആഴ്ന്നിറങ്ങും. ചൊവ്വാഴ്‌ച കാലത്ത് ഒമ്പതിന് തന്നെ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തിരുവാതിരക്കളി, പരിചമുട്ട്, കേരളനടനം, പദ്യം ചൊല്ലൽ ഹിന്ദി, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഭരതനാട്യം, ഹയർ സെക്കന്ററി വിഭാഗം നാടകം, പളിയ നൃത്തം, വയലിൻ, വൃന്ദവാദ്യം, നാടോടിനൃത്തം, പദ്യം ചൊല്ലൽ മലയാളം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടക്കും.
















