കോഴിക്കോട്: ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങും വഴി ഹൃദയഭേദകമായ സംഭവം. മദീനയിൽ നിന്ന് പറന്നുയർന്ന കോഴിക്കോട്ടേക്ക് വരുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒരു മലയാളി സ്ത്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിമാനം മസ്‌കത്ത് എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നു. എന്നാൽ ചികിത്സയ്ക്ക് മുമ്പ് തന്നെ യാത്രക്കാരി മരണപ്പെട്ടു.
മരിച്ചയാൾ തലയാട് പടിക്കൽവയൽ അകത്തോട്ടുകുന്നുമ്മൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (80) ആണ്. യാത്ര ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് അസ്വസ്ഥത പ്രകടമായത്. ജീവനക്കാർ അടിയന്തരമായി നടപടി സ്വീകരിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മസ്‌കത്തിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് മക്കളും ഒരു പേരക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നതായും, അവർ അതേ വിമാനത്തിൽ നാട്ടിലെത്തിയതായും അറിയുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ വൈകിട്ട് 6.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും.
മക്കൾ: മുജീബ്, സുബൈദ, മൈമൂനത്ത്, ലൈല, കൗലത്ത്, മുനീറ. മരുമക്കൾ: ഹംസ, ബഷീർ, നാസർ, അബുബക്കർ, മുസ്തഫ, ജസീന.
















