തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വനരാജ്, കർപ്പകവല്ലി,തേൻമൊഴി, മല്ലിക,മുത്തുലക്ഷ്മി,സുബ്ബലക്ഷ്മി,ഷൺമുഖത്തായ് എന്നിവരാണ് മരിച്ചത്. ഐസിയുവിൽ ചികിത്സയിലുള്ള ഒൻപത് പേരിൽ നാല് പേരുടെ നില ഗുരുതരമെന്ന് തെങ്കാശി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രണ്ട് ബസ് ഡ്രൈവേഴ്സിനുമെതിരെ എലത്തൂർ പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെയാണ് തിരുമംഗലം-കൊല്ലം ദേശീയപാതയിൽ (എൻഎച്ച്) തെങ്കാശിയിൽ നിന്ന് രാജപാളയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ശങ്കരൻകോവിലിൽ നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളും പൂര്‍ണ്ണമായും തകര്‍ന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാജപാളയത്തുനിന്ന് തെങ്കാശിയിലേക്കുവന്ന ബസ് അമിതവേഗതയിൽ മറ്റൊരുവാഹനത്തെ മറികടന്നെത്തുന്നതിനിടയിൽ മറുഭാഗത്തുനിന്നെത്തിയ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
Story Highlights : Thenkashi bus accident; Death toll rises to 7
















