കോട്ടയം: സംസ്ഥാനത്തെ പച്ചക്കറി വിപണി വിലക്കയറ്റത്തിന്റെ പിടിയിൽ. മഴക്കെടുതിയും കൃഷിനാശവും കൂടിയെത്തിയതോടെ തക്കാളി, മുരിങ്ങ, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ദിനംപ്രതി ഉയരുന്ന സാഹചര്യം. തക്കാളி വില എൺപതു രൂപയിലെത്തുമ്പോൾ മുരിങ്ങയ്ക്ക് കിലോയ്ക്ക് 400 രൂപ കടന്നു പോയി.
കോട്ടയത്ത് ഇപ്പോൾ മുരിങ്ങയ്ക്ക് കിലോയ്ക്ക് 420 രൂപയാണ്. കോഴിക്കോട് മൊത്തവില 400 രൂപയും പാലക്കാട് 380 രൂപയുമാണ്. എന്നാൽ കൊല്ലത്ത് ചിലയിടങ്ങളിൽ 200 മുതൽ 250 രൂപ വരെയാണ് വില.
ഒരാഴ്ചയ്ക്കിടെ പല തവണയായി പത്ത്, പതിനഞ്ച് രൂപ വീതം ചേർന്ന് ഹൈബ്രിഡ് തക്കാളി ഇപ്പോൾ കിലോയ്ക്ക് 80 രൂപയായി. ചില ചില്ലറ വിപണികളിൽ 70 രൂപയ്ക്കാണ് വിൽപ്പന.
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ പെയ്ത ശക്തമായ മഴ കൃഷിയെ തകർത്ത്. വിതരണം കുറയുകയും വില ഉയരുകയും ചെയ്തു. ഈ സീസണിൽ സാധാരണയായി വില ഉയരുമെന്നും ഈ വർഷം ഉയർച്ച കൂടുതൽ ശക്തമാണെന്നും വ്യാപാരികൾ പറയുന്നു. ഡിസംബർ അവസാനം വരെ വിലക്കയറ്റം തുടരുമെന്നാണു വിലയിരുത്തൽ.
ഏകദേശം 500 രൂപവരെ വിലയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോൾ കിലോയ്ക്ക് 80 രൂപയായി കുറഞ്ഞു. ഇതോടെ ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റു പല പച്ചക്കറികളും ഉയർന്ന നിരക്കിലാണ്.
















