ഞാൻ ഇങ്ങനെ ചെയ്താൽ മറ്റുള്ളവർ എന്നെപ്പറ്റി എന്ത് വിചാരിക്കും, ഞാൻ ഈ തീരുമാമെടുത്താൽ ആളുകൾ എന്നെ എങ്ങനെ വിലയിരുത്തും, സമൂഹത്തിൽ ഞാൻ അപമാനിക്കപ്പെടുമോ, ഒറ്റപ്പെടുമോ, നിരസിക്കപ്പെടുമോ തുടങ്ങിയ ചോദ്യങ്ങളും ചിന്തകളുമൊക്കെ പലപ്പോഴെങ്കിലും നമ്മുടെ മനസ്സിൽ ഉണ്ടായിട്ടുണ്ടാകും അല്ലേ? ഈ ചിന്തകൾ മൂലമുണ്ടാകുന്ന ഭയം കാരണം ദൈനംദിന കാര്യങ്ങള്‍ തടസ്സപ്പെടുന്ന അവസ്ഥയാണ് സാമൂഹിക ഉത്കണ്ഠ അഥവാ സോഷ്യല്‍ ഫോബിയ. ലോകത്ത് ശതമാനം മുതല്‍ 10 ശതമാനം വരെ ആളുകള്‍ക്ക് ഈ സാമൂഹിക ഉത്കണ്ഠ രോഗം ഉണ്ടെന്നാണ് പഠനം. ലഹരി ഉപയോഗം, വിഷാദരോഗം തുടങ്ങിയവ കഴിഞ്ഞാൽ ഏറ്റവും സാധാരണമായ മാനസികാരോഗ്യ അവസ്ഥയാണിത്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് സോഷ്യല്‍ ഫോബിയ ഉള്ളത്. മിക്കവരിലും 20 വയസാകുന്നതിന് മുന്‍പ് തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പലപ്പോഴും അന്തര്‍മുഖത്വവും പൊതുഇടങ്ങളിലുള്ള സഹജമായ നാണവും സോഷ്യല്‍ ഫോബിയ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ സോഷ്യൽ ഫോബിയ ഇതിൽ നിന്നും വ്യത്യസ്തമാണ്. സാമൂഹിക ഉത്കണ്ഠ ഉള്ളവര്‍ പൊതുഇടങ്ങളില്‍ അനുഭവിക്കുന്ന സംഘര്‍ഷം വേണ്ടത്ര മനസ്സിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാകുന്നത്. സോഷ്യല്‍ ഫോബിയയുടെ മാനസികവും വൈകാരികവും ശാരീരികവുമായ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞാലോ?
വൈകാരികവും പെരുമാറ്റപരവുമായ ലക്ഷണങ്ങള്‍
1. മറ്റുള്ളവര്‍ മോശമായി വിലയിരുത്തുമോ അല്ലെങ്കില്‍ നിരീക്ഷിക്കുമോ എന്ന തീവ്രമായ ഭയം
2. അപമാനഭയം
3. അപരിചിതരുമായി ഇടപഴകാനുള്ള ഭയം
4. പരിപാടികള്‍ക്കോ ഒത്തുചേരലുകള്‍ക്കോ മുന്‍പ് ശക്തമായ ഉത്കണ്ഠ. അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ (വിറയല്‍, വിയര്‍പ്പ് പോലുള്ളവ)
5. സാമൂഹിക ഇടപെടലുകള്‍ക്ക് ശേഷം സ്വന്തം പെരുമാറ്റത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യുക
6. സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഏറ്റവും മോശമായ ഫലങ്ങള്‍ പ്രതീക്ഷിക്കുക
7. തങ്ങള്‍ ശ്രദ്ധാകേന്ദ്രമായേക്കാവുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഒഴിവാക്കുക
8. സംഭാഷണങ്ങള്‍, പ്രകടനങ്ങള്‍, സഹായം ചോദിക്കുന്നത് എന്നിവ ഒഴിവാക്കുക
9. അമിതമായ ലജ്ജ, അസ്വസ്ഥത, ഓര്‍മ്മക്കുറവ്
10. കണ്ണില്‍ നോക്കി സംസാരിക്കാന്‍ ബുദ്ധിമുട്ട്
സോഷ്യല്‍ ഫോബിയയുടെ ശാരീരിക ലക്ഷണങ്ങള്‍
* മുഖം ചുവന്നു തുടുക്കുക
* ഹൃദയമിടിപ്പ് കൂടുക
* വിയര്‍പ്പ്, വിറയല്‍
* ഓക്കാനം അല്ലെങ്കില്‍ വയറിന് അസ്വസ്ഥത
* ശ്വാസംമുട്ടല്‍
* തലകറക്കം
* പേശിവലിവ്
* മരവിപ്പ്
* വഴക്കമില്ലാത്ത ശരീരഭാഷ
















