കേന്ദ്രമന്ത്രിസഭയിൽ മുസ്‌ലിം മന്ത്രിമാർ ഇല്ലാത്തതിന് കാരണം സമുദായം ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുസ്‌ലിങ്ങൾ ബി.ജെ.പിക്ക് വോട്ട് നൽകിയാൽ മാത്രമേ മുസ്‌ലിം എം.പിമാരും അതുവഴി കേന്ദ്രമന്ത്രിമാരും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കി.
മുസ്‌ലിം സമുദായം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. തുടർന്ന് അദ്ദേഹം ചോദിച്ചു: “എന്തിനാണ് നിങ്ങൾ കോൺഗ്രസിന് വോട്ട് നൽകുന്നത്? കോൺഗ്രസിന് വോട്ട് നൽകിയതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ?” മുസ്‌ലിങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലൂടെ മാത്രമേ സമുദായത്തിൽ നിന്ന് എം.പി.മാർ ഉണ്ടാവുകയുള്ളൂ, അവർ വിജയിച്ചാൽ മാത്രമേ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കൂ എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സെമി ഫൈനലായോ ക്വാർട്ടർ ഫൈനലായോ അല്ല, മറിച്ച് ഒരു ഫൈനൽ മത്സരം എന്ന നിലയിലാണ് തങ്ങൾ കാണുന്നതെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് ബി.ജെ.പി. ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.
“എല്ലാം ശരിയാകും” എന്ന് വാഗ്ദാനം നൽകിയ മുന്നണി ഒന്നും ശരിയാക്കിയില്ല. നിലവിലെ സാഹചര്യത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ബി.ജെ.പി. ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
















