ഓപ്പറേഷൻ തിയേറ്റർ എന്ന് കേൾക്കുമ്പോൾ പലർക്കും പേടിപ്പെടുത്തുന്ന ഓർമകളാണ്. എന്നാൽ പാട്ടും പാടി ഒരു ഓപ്പറേഷൻ നടത്തിയാലോ? നടക്കുന്ന കാര്യമല്ലെന്ന് തോന്നുന്നുണ്ടോ? എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഡോക്ടറും രോഗിയും ഒരുമിച്ച് പാട്ടു പാടി ഓപ്പറേഷൻ നടത്തുന്ന വീഡിയോ വൈറലാകുകയാണ്. കയ്യിലെ പൊട്ടലിന്റെ സർജറി ചെയ്യുന്നതിനിടെയാണ് ഡോക്ടറും രോഗിയും ഒരുമിച്ച് പാട്ടുപാടുന്നത്.
കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച്ച ആയിരുന്നു സംഭവം. കൈയ്യിൽ ഉണ്ടായ പൊട്ടലിന് സർജറി ചെയ്യുന്നതിനിടയിൽ ഗായികയായ രോഗിയോട് ഡോക്ടർ ഗണേശ് കുമാർ പാട്ടുപാടുമോ എന്ന് ചോദിക്കുകയായിരുന്നു. എന്റെ കൂടെ പാടാൻ തയ്യാറാണെങ്കിൽ പാടാം എന്ന് രോഗി മറുപടി നൽകി. തുടർന്ന്, ഇരുവരും ഒരുമിച്ച് പാടുകയായിരുന്നു. ഓപ്പറേഷൻ തിയറ്ററിൽ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകർത്തിയത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ജില്ലാ മുൻ പ്രസിഡൻ്റ് കൂടിയായിരുന്നു ഡോ: ഗണേശ് കുമാർ ,മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിലും ഇദ്ദേഹം സേവനം ചെയ്യുന്നുണ്ട്.
വീഡിയോ കാണാം;
https://www.facebook.com/share/r/1BzHvJzEDU/
















