പ്രകൃതിയുടെ ചില സൃഷ്ടികൾ നമ്മെ അതിശയത്തിലാക്കാരുണ്ട്. അതുപോലെ ഒന്നാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്ലേഷ്യ പുഷ്പം. അതിന്റെ വലിപ്പത്തിലും അപൂർവതയിലും അത് ജനങ്ങളെ ആകർഷിക്കുന്നു. ബ്രൂണെ, ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ഉൾക്കാടുകളിൽ മാത്രമേ ഈ പുഷ്പം സ്വാഭാവികമായി കണ്ടുവരൂ.
ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ സസ്യശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രൊഫസറുമായ ക്രിസ് തോറോഗുഡ് സുമാത്രൻ വനത്തിലൂടെ നടത്തിയ യാത്രയിൽ ഇതിനെക്കുറിച്ചുള്ള നിരവധി രസകരമായ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
സുമാത്രൻ വനമേഖലയിലൂടെ നടത്തിയ യാത്രയിൽ, തോറോഗുഡ് സംഘത്തിന്റെ ശ്രദ്ധയെ ആകർഷിച്ചത് പലവിധ അപൂർവ സസ്യങ്ങളും പുഷ്പങ്ങളും ആയിരുന്നു. അതിനിടയിൽ തനിക്ക് മറക്കാൻ സാധിക്കാത്ത ചില അനുഭവങ്ങളും തോറോഗുഡ് പങ്കുവച്ചു. ലോകത്തെ ഏറ്റവും വലിയ പുഷ്പമായ റഫ്ലേഷ്യ പൂത്തുലഞ്ഞുനിൽക്കുന്ന മാന്ത്രികമായ കാഴ്ച കാണാൻ സാധിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ലോകത്ത് 42 ഇനങ്ങളുള്ള റഫ്ലേഷ്യയിൽ 25 ഇനങ്ങൾ ഇപ്പോഴും വംശനാശഭീഷണിയിലാണ്. സാധാരണ റഫ്ലേഷ്യ പുഷ്പം ഒരു മീറ്റർ വീതിയും ഏഴ് കിലോഗ്രാം വരെ ഭാരവുമുള്ളതാണ്. എന്നാൽ, ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായത് അതിന്റെ കടുത്ത ദുർഗന്ധം ആണ്. ഈ പുഷ്‌പം പൂക്കുമ്പോൾ ചീഞ്ഞ മാംസത്തിന് സമാനമായ ഗന്ധമാണ് പുറത്തുവിടുന്നത്. അതിനാൽ റഫ്ലേഷ്യയെ ശവപുഷ്‌പം എന്നും അറിയപ്പെടുന്നുണ്ട്. ഈ ഗന്ധം വമിക്കുന്ന 40ൽ അധികം ഇനങ്ങൾ ഇന്തോനേഷ്യയിലെ വനമേഖലകളിലുണ്ട്. ഈ ദുർഗന്ധം ചില ഈച്ചകളെ ആകർഷിച്ച് പുഷ്പത്തിൽ പരാഗണം നടത്തിക്കുന്നതാണ്. റഫ്ലേഷ്യയ്ക്ക് ഇലകളോ തണ്ടുകളോ വേരുകളോ ഇല്ല, മരങ്ങളിൽ നിന്ന് മാത്രം വെള്ളവും പോഷകവും സ്വീകരിക്കുന്ന പരാദജീവിയായ സസ്യം എന്നതാണ് തോറോഗുഡും സംഘവും കണ്ടെത്തിയത്. സുമാത്രയിലെ റഫ്ലേഷ്യ ആർനോൾഡാണ് ലോകത്തിലെ റഫ്ലേഷ്യ ഇനത്തിലെ വലിയ പുഷ്‌പമാണ്. ഇതിന് മുന്നടി വ്യാസമുണ്ട്.
തോറോഗുഡും സംഘവും നടത്തിയ യാത്രയിൽ അത്യപൂർവമായി കാണപ്പെടുന്ന റഫ്ലേഷ്യ ഹാസെൽറ്റി പുഷ്പവും കാണുകയുണ്ടായി. ലോകത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇതിനെ നേരിൽ കണ്ടിട്ടുള്ളത്. രാത്രി സമയത്ത് കാണപ്പെട്ട പുഷ്പത്തിന്റെ മനോഹര ദൃശ്യം കണ്ട് തോറോഗുഡിന്റെ സഹപ്രവർത്തകൻ കരയുന്ന വീഡിയോയും തോറോഗുഡ് പങ്കുവച്ചിട്ടുണ്ട്. മനുഷ്യരെക്കാളും കൂടുതൽ തവണ ഈ പുഷ്പം കാണുന്നത് കടുവകളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പുഷ്പത്തെ പിശാചിന്റെ പച്ചക്കറിയെന്നാണ് (ഡെവിൾസ് വെജിറ്റബിൾ) വിശേഷിപ്പിക്കുന്നത്.
പത്തുമുതൽ 11 കിലോഗ്രാം വരെയാണ് റഫ്ലേഷ്യ ഹാസെൽറ്റിയുടെ ഭാരം. ഈ പുഷ്പത്തിന്റെ ഇതളുകൾ കട്ടിയുള്ളതും തുകൽ ഘടനയിലുള്ളതുമാണ്. ഇവ മാസങ്ങളോളം വനത്തിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കും. ഒമ്പത് മാസംകൊണ്ടാണ് റഫ്ലേഷ്യയുടെ മൊട്ട് വികസിക്കുന്നത്. അതിനുശേഷമാണ് ഒറ്റരാത്രി കൊണ്ട് വലിയ പുഷ്‌പമായി മാറുന്നത്. പിന്നീട് തുച്ഛമായ ദിവസങ്ങൾ മാത്രം പൂവായി തുടർന്ന് തകരുകയും ചെയ്യുന്നു. പൂവ് വിരിയുന്ന കൃത്യമായ സമയം കണ്ടുപിടിക്കുകയെന്നത് അസാദ്ധ്യമാണെന്ന് തോറോഗുഡ് പറയുന്നു. 13 വർഷം നടത്തിയ യാത്രകൾക്കൊടുവിലാണ് അദ്ദേഹത്തിനും സംഘത്തിനും അപൂർവനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ സാധിച്ചത്.
പതിനെട്ടാം നൂറ്റാണ്ടിലെത്തിയ യൂറോപ്യൻ സഞ്ചാരികളാണ് ഈ പുഷ്പങ്ങൾ ആദ്യമായി കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന പുഷ്‌പത്തെ സംരക്ഷിക്കാൻ കൃത്യമായ നീക്കം നടത്തിയില്ലെങ്കിൽ വർഷങ്ങൾക്കകം ഇത് അപ്രത്യക്ഷമാകാനും സാദ്ധ്യതയുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ വനനശീകരണം മൂലമാണ് ഇവ പ്രതിസന്ധിയിലായിരിക്കുന്നത്.
റഫ്ലേഷ്യ, മറ്റെന്തിനെയും അപേക്ഷിച്ച്, പ്രകൃതിയിലെ അപൂർവ്വ സൃഷ്ടികളിൽ ഒന്നാണ്. അതിന്റെ വലിപ്പവും, ദുര്‍ഗന്ധവും, അപൂർവതയും നമ്മെ പ്രകൃതിയുടെ അതിശയകരമായ മായാജാലത്തിലേക്ക് എത്തിക്കുന്നു. വനം നിലനിർത്തലും പരിസ്ഥിതി സംരക്ഷണവും ഇതിനെ ഭാവിയിൽ നിലനിര്‍ത്താനുള്ള മാർഗമാണ്.
















