ബസിൽ ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ സവാദിനെതിരെ നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി) രംഗത്ത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നുള്ള സവാദിന്റെ വിഡിയോ പങ്കുവച്ചായിരുന്നു നന്ദിതയുടെ പ്രതികരണം.
മസ്താനി പറയുന്നു;
പരാജയപ്പെട്ട ഒരു നിയമ സംവിധാനം ഇങ്ങനെയിരിക്കും. അറിയപ്പെടുന്ന ലൈംഗിക അതിക്രമകാരി, അല്ലെങ്കിൽ കുറ്റാരോപിതൻ ഇപ്പോൾ സ്വതന്ത്രനായിരിക്കുന്നു. വീണ്ടും ബസ്സുകളിൽ കയറിക്കൊണ്ട്. ബസ് കയറി കഷ്ടപ്പെട്ട് ജോലിക്കു പോകുന്ന ആ യുവാവിനെ ഞാൻ വീണ്ടും ഹണി ട്രാപ്പ് ചെയ്യാൻ നോക്കുകയാണോ, അല്ല. ഞാൻ ആ സംഭവത്തിനുശേഷം പിന്നീട് ബസിൽ കയറിയിട്ടില്ല, ബസ് തന്നെ ഒരു ട്രോമയാണെനിക്ക്.
രണ്ട് വട്ടം ഇതേ കാര്യത്തിന്, രണ്ട് പെൺകുട്ടികൾ പരാതി പറഞ്ഞ് ഇത്രയും വൈറലായ സംഭവത്തിനുശേഷം അവനില്ലേ ട്രോമ, അവനിതൊന്നും ബാധകമല്ലേ. പിന്നെയും അന്തസ്സായി ബസുകളിൽ കയറി ഇങ്ങനെ നടക്കുന്നു. തൃശൂര് ബസ് സ്റ്റാൻഡിൽ വച്ചാണ് കാണുന്നതെന്ന് കുറേപേർ എന്നോടു പറയുന്നുണ്ട്. തൃശൂര് ബസ് കയറാൻ പോകുന്ന അമ്മമാരും പെൺകുട്ടികളും സൂക്ഷിക്കുക. മാസ്ക് വച്ചാണ് നടക്കുന്നത്, കണ്ടാൽ അവനെ തിരിച്ചറിയണം, സുരക്ഷിതരായി ഇരിക്കുക. ഞാൻ പണ്ടേ പറഞ്ഞിരുന്നില്ലേ, നിന്നെ വെറുതെ വിടില്ലെന്ന് സവാദേ. നീ ജയിലിൽ ആയാൽപോരാ, നീ ചാകണം. എന്നാലേ എനിക്ക് സമാധാനം കിട്ടു. നീ ഇറങ്ങ്, നിന്നെ തൃശൂര് ബസ് സ്റ്റാൻഡിൽ വന്നു തല്ലും.
മസ്താനി പങ്കുവച്ച വിഡിയോയിൽ കമന്റുമായി സവാദും എത്തി.
സവാദ് പറയുന്നു;
എത്ര ന്യായീകരിച്ചിട്ടും എല്ലാവിധ തോന്ന്യവാസം കാട്ടിയിട്ടും പൂർണമായി നിനക്ക് വെളുപ്പിക്കാൻ പറ്റുന്നില്ല അല്ലേ. എന്റെ പുറകെ ഞാൻ പോകുന്ന വഴിയിൽ ഇങ്ങന നടന്നോ എന്നിട്ട് ന്യായീകരിച്ച് ന്യായീകരിച്ച് ചെയ്യേണ്ട കളിയൊക്ക കളിച്ച് നീ പൂർണമായി വെളുക്കാൻ നോക്ക്, വിഡിയോ എടുക്കാൻ പിറക വന്ന മോന് നല്ലോണം പറഞ്ഞിരുന്നെങ്കിൽ ഞാൻ നടക്കുന്ന വിഡിയോ ഒന്നൂടെ സെറ്റാക്കാമായിരുന്നു തെറി കേട്ട നീ വീണ്ടും എന്റെ പുറകെ വരുന്നത് സ്വാഭാവികം. നീ വിജയിക്കാൻ എന്തു വൃത്തികേടും കാണിക്കും. നീ ചെയ്യേണ്ടതൊക്കെ ചെയ്യ്, നിനക്ക് വളരാൻ എന്റെ ചോര കുടിക്കാതെ പറ്റില്ലല്ലോ, നീ കളിക്ക് ഒടുക്കത്തെ കളി.
















