ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ഏജൻസിയായ ബാർക്ക് (BARC) റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നതിനായി മലയാളത്തിലെ ഒരു പ്രമുഖ ചാനൽ കോടികൾ കോഴ നൽകിയതായി റിപ്പോർട്ട്. കേരള ടെലിവിഷൻ ഫെഡറേഷൻ (കെ.ടി.എഫ്) പ്രസിഡന്റും ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവിയുമായ ആർ. ശ്രീകണ്ഠൻ നായരാണ് ഗുരുതരമായ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും സൈബർ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബാർക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിലുള്ള മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ട്വന്റി ഫോർ ന്യൂസ് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് ബാർക്ക് ജീവനക്കാരനായ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടിക്കണക്കിന് രൂപ ക്രിപ്റ്റോ കറൻസി വഴി കൈമാറ്റം ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചുള്ള വാട്സ്ആപ്പ് ചാറ്റുകളടക്കമുള്ള നിർണായക തെളിവുകളും ട്വന്റി ഫോർ ചാനൽ പുറത്തുവിട്ടിട്ടുണ്ട്.
കൂടാതെ, ആരോപണവിധേയനായ ചാനൽ ഉടമ യൂട്യൂബ് വ്യൂവർഷിപ്പിൽ തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതികവിദ്യയും ഉപയോഗിച്ചതായി റിപ്പോർട്ടിലുണ്ട്. മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ഏജൻസികൾക്ക് കോടികൾ നൽകി യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി എന്നാണ് ആരോപണം.
ബാർക്കിന്റെ റേറ്റിങ് കണക്കെടുപ്പിലെ വിശ്വാസ്യത നേരത്തെയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. റേറ്റിങ് കണക്കാക്കാൻ എടുക്കുന്ന ചെറിയ സാംപിൾ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവും പ്രശ്നങ്ങളുണ്ടാക്കുന്നതായി നേരത്തെ ചാനലുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാർക്ക്.
















