തീവ്രമായ ആരോപണങ്ങളുമായി നടി മല്ലിക സുകുമാരൻ രംഗത്ത്. മകൻ പൃഥ്വിരാജ് സുകുമാരനെ സിനിമാ വ്യവസായത്തിനകത്തുള്ളവർ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും, ‘വിലായത്ത് ബുദ്ധ’ എന്ന പുതിയ ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണം ഇതിന്റെ ഭാഗമായാണെന്നും അവർ വെളിപ്പെടുത്തി. ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയത്.
പൃഥ്വിരാജ് ആണ് ആക്രമണകാരികളുടെ പ്രധാന ലക്ഷ്യമെന്നും, അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ വരുമ്പോൾ സിനിമാ സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ശക്തമായ പിന്തുണ ലഭിക്കുന്നില്ലെന്നും മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു. തന്റെ ചോദ്യങ്ങൾക്ക് സംഘടനകളിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് കൃത്യമായ മറുപടിയില്ല. നടനെന്ന നിലയിൽ പൃഥ്വിരാജിനെ തകർക്കാനാണ് ചിലരുടെ ശ്രമം. ഇതിനു പിന്നിൽ സിനിമാ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണെന്നും അവർ ആരോപിച്ചു.
“പൃഥ്വിരാജിനെതിരെ ആക്രമണം വരുമ്പോൾ എതിർത്ത് പറയാനിവിടെ സംഘടനകളും വ്യക്തികളുമൊക്കെ കുറവാണ്. ഞാൻ നോക്കുമ്പോൾ വെറുതേ ഇങ്ങനെ തെറി പറയുകയാണ്. പൃഥ്വിയാണ് അവരുടെ പ്രധാന ലക്ഷ്യം. സിനിംമ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കണം. ഇല്ലെങ്കിൽ എനിക്ക് പറയാൻ കഴിയുന്നിടത്തെല്ലാം ഞാൻ പറയും,” മല്ലിക സുകുമാരൻ പറഞ്ഞു.
കൂടാതെ, നടൻ ഷമ്മി തിലകൻ സിനിമയിലേക്ക് തിരിച്ചുവരുന്നതിൽ പോലും ചിലർക്ക് എതിർപ്പുണ്ടെന്നും മല്ലിക ചൂണ്ടിക്കാട്ടി. ആർട്ടിസ്റ്റുകളുടെ സംഘടന എല്ലാ കലാകാരന്മാരുടെയും ഒപ്പം ഒരുപോലെ നിൽക്കേണ്ടതുണ്ട്. സൈബർ ആക്രമണം നടത്തിയവരുടെ ഐഡി ഉൾപ്പെടെ താൻ ശേഖരിച്ചതായും അവർ വെളിപ്പെടുത്തി.
നേരത്തെ ‘വിലായത്ത് ബുദ്ധ’യ്‌ക്കെതിരായ സൈബർ ആക്രമണങ്ങളെ വിമർശിച്ചുകൊണ്ട് മല്ലിക സുകുമാരൻ ഫെയ്‌സ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പൃഥ്വിരാജിനെക്കുറിച്ച് ഷമ്മി തിലകൻ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ കുറിപ്പ്. “യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണന്റെയും വല്ല പെണ്ണിന്റെയും, ഒന്നുമറിയാത്ത കുഞ്ഞിന്റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു” എന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.
സിനിമയ്ക്ക് എതിരായ സൈബർ ആക്രമണം അതിൽ അഭിനയിച്ച എല്ലാവരോടുമുള്ള ക്രൂരതയാണെന്ന് നടൻ ഷമ്മി തിലകനും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന്, ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ ഒരുക്കുന്ന ‘വിലായത്ത് ബുദ്ധ’യെ ലക്ഷ്യമാക്കി മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ ഒരു യൂട്യൂബ് ചാനലിനെതിരെ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ കഴിഞ്ഞ ദിവസം സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
സിനിമാ രംഗത്തെ വ്യക്തി വൈരാഗ്യങ്ങൾ ഇപ്പോൾ ഒരു വലിയ സൈബർ യുദ്ധമായി മാറിയിരിക്കുകയാണ് എന്ന സൂചനയാണ് ഈ സംഭവങ്ങൾ നൽകുന്നത്.
















