പന്തളം: യുവതിയെയും വൃദ്ധമാതാവിനെയും ആക്രമിച്ച കേസിൽ പ്രതിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുളനട മാന്തുക മലയുടെ താഴത്തേതിലെ വീട്ടിൽ രഞ്ജിത്ത് (41) പിടിയിലായത്.
21-ാം തീയതി രാത്രി കുളനട അമ്മുമ്മക്കാവ് സ്വദേശിനി ജിൻസി സാറ ജേക്കബിനെയും അവരുടെ വൃദ്ധമാതാവിനെയും പ്രതി ആക്രമിച്ചെന്നാണ് പരാതി. ഇരുവരും ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മൈക്ക് സെറ്റ് ഉപയോഗിച്ചതിനെ തുടർന്ന് ഉണ്ടായ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന്റെ പശ്ചാത്തലമെന്ന് പോലീസ് പറഞ്ഞു. പഴയ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നു വ്യക്തമാക്കുന്നു.
കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും, പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. രഞ്ജിത്തിനെതിരെ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
















