ദുബായ്: വാസൽ വില്ലേജ് ഖിസൈസ് കമ്യൂണിറ്റിയിലെ താമസക്കാരുടെ കൂട്ടായ്മയായ ‘വേവ്സ്’ സംഘടിപ്പിക്കുന്ന നാലാമത് വോളിബോൾ ടൂർണമെന്റ് ഡിസംബർ 6, 7, തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദുബായ് ഫ്രഞ്ച് ഇന്റർനാഷണൽ സ്കൂളിലെ ഇൻഡോർ സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.
ഈ വർഷത്തെ ടൂർണമെന്റിൽ പുരുഷന്മാരുടെയും വനിതകളുടെയും ആകെ ആറ് ടീമുകൾ തമ്മിൽ കിരീടത്തിനായുള്ള പോരാട്ടം അരങ്ങേറും. കൂടാതെ, കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും ഒരുക്കിയിരിക്കുകയാണ് സംഘാടകർ. സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തി ഒരു സ്പോർട്സ് ഉത്സവമായി പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നു.
വേവ്സ് അധികൃതരുടെ നേതൃത്വത്തിലുള്ള തയ്യാറെടുപ്പുകൾ സജീവമായി പുരോഗമിക്കുകയാണ്. കായികമികവിനൊപ്പം കൂട്ടായ്മയും സൗഹൃദവുമാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
















