നടൻ ഷമ്മി തിലകൻ തൻ്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യിലെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനത്തിന് പൃഥ്വിരാജ് സുകുമാരനോട് സ്നേഹവും നന്ദിയും അറിയിച്ചു. ഷമ്മി തിലകന്റെ പ്രകടനം കണ്ടപ്പോൾ തൻ്റെ അച്ഛനും മലയാളത്തിൻ്റെ മഹാപ്രതിഭയുമായ തിലകനെ ഓർമ്മവന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞതാണ് ഷമ്മി തിലകനെ ഏറെ സ്പർശിച്ചത്. പൃഥ്വിരാജ് നൽകിയ ഈ പ്രോത്സാഹനം താൻ ഒരു അവാർഡ് പോലെയാണ് കാണുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.
‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിലെ ഭാസ്കരൻ മാസ്റ്റർ എന്ന തൻ്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് ഷമ്മി തിലകൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ വേഷത്തിലേക്ക് തന്നെ നിർദ്ദേശിച്ചത് പൃഥ്വിരാജാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു. “തിലകൻ ശൈലിയാണ് ഈ കഥാപാത്രത്തിന് വേണ്ടത്. തിലകൻ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് ആ ശൈലിക്ക് അടുത്തുനിൽക്കുന്നു എന്നതുകൊണ്ടാവാം ആ കഥാപാത്രം എന്നെ തേടിയെത്തിയത്. രാജുവിൻ്റെ കഥാപാത്രത്തിനുപോലും ഇത്രയധികം തലങ്ങൾ ഇല്ലാത്ത, പല തലങ്ങളുള്ള കഥാപാത്രമാണ് ഭാസ്കരൻ മാസ്റ്റർ. എഴുത്തുകാരൻ്റെ പിന്തുണ ഏറ്റവും കൂടുതൽ ലഭിച്ചത് ഈ കഥാപാത്രത്തിനായിരുന്നു,” ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
പൃഥ്വിരാജിൻ്റെ പിതാവും നടനുമായ സുകുമാരനുമായി തനിക്ക് കൂടുതൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഷമ്മി തിലകൻ ഓർത്തെടുത്തു. “സുകുവേട്ടനാണ് എൻ്റെ ആദ്യ സിനിമയുടെ നിർമ്മാതാവ്. രാജുവിൻ്റെ പ്രശംസ ഒരു അവാർഡ് പോലെയാണ് കാണുന്നത്. ഇതുവരെ അവനോട് ഒരു നന്ദി പറയാൻ എനിക്ക് പറ്റിയിട്ടില്ല. നീ തന്ന പ്രോത്സാഹനം മനസ്സിൽ തട്ടി. ഐ ലവ് യു, ഐ ലവ് യു, ലവ് യു സോ മച്ച്,” വികാരഭരിതനായി അദ്ദേഹം പറഞ്ഞു.
ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്ത നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച സന്ദീപ് സേനൻ്റെ ഉർവ്വശി തിയേറ്റേഴ്സും എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപും ചേർന്നാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.
















