നിലവിൽ പക്ഷികളെ വ്യാപകമായി ബാധിക്കുന്ന പക്ഷിപ്പനി വൈറസിന് (ഏവിയൻ ഇൻഫ്ലുവൻസ) മ്യൂട്ടേഷൻ സംഭവിച്ച് മനുഷ്യരിലേക്ക് പ്രവേശിച്ചാൽ, ലോകം കോവിഡ്-19 മഹാമാരിയിൽ അനുഭവിച്ചതിനേക്കാൾ രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഫ്രാൻസിലെ പ്രമുഖ ഗവേഷകർ മുന്നറിയിപ്പ് നൽകി. ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർ റെസ്പിറേറ്ററി ഇൻഫെക്ഷൻസാണ് ലോകാരോഗ്യത്തെ ആശങ്കയിലാഴ്ത്തുന്ന ഈ സാധ്യതയെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വൻതോതിൽ രോഗകാരകമായ പക്ഷിപ്പനി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പക്ഷികളുടെ കൂട്ടനാശത്തിന് കാരണമായിട്ടുണ്ട്. ഇത് ആഗോള ഭക്ഷ്യമേഖലയ്ക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും, മ്യൂട്ടേഷൻ സംഭവിച്ച് സസ്തനികളിലേക്കോ മനുഷ്യരിലേക്കോ പ്രവേശിച്ചു കഴിഞ്ഞാൽ അതിൻ്റെ വ്യാപനം അതീവ വേഗത്തിലായിരിക്കുമെന്നാണ് പാസ്റ്റർ സെൻ്ററിലെ മെഡിക്കൽ ഡയറക്ടർ മേരിആൻ റമെക്സ്വെൽറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയത്.
മനുഷ്യശരീരത്തിൽ സാധാരണ ഇൻഫ്ലുവൻസ വൈറസുകളായ എച്ച്1, എച്ച്3 എന്നിവയെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ നിലവിലുണ്ട്. എന്നാൽ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച്5 (H5) വൈറസിനെ ചെറുക്കാൻ മനുഷ്യന് സ്വാഭാവികമായ പ്രതിരോധശേഷി കുറവാണ്. ഈ എച്ച്5 വൈറസാണ് ഇപ്പോൾ സസ്തനികളിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ഈ വൈറസിൻ്റെ വ്യാപനം കോവിഡ് കാലത്തെ പ്രതിസന്ധിയേക്കാൾ മാരകമായിരിക്കുമെന്നാണ് ഗവേഷകരുടെ പ്രധാന ആശങ്ക.
ഇതിന് മുമ്പും പക്ഷിപ്പനി മനുഷ്യരെ ബാധിച്ച ചരിത്രമുണ്ട്. ഏറ്റവും പുതിയ സാഹചര്യമനുസരിച്ച്, എച്ച്5എൻ1 വൈറസ് നിലവിൽ അമേരിക്കയിലെ കന്നുകാലികളെ (പശുക്കളെ) ബാധിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ആരോഗ്യവാന്മാരായ കുട്ടികളെ പോലും ഈ വൈറസിന് ഇല്ലാതാക്കാൻ കഴിയും. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ വാഷിങ്ടണിൽ എച്ച്5എൻ5 വൈറസ് ബാധിച്ച ഒരാൾ മരണപ്പെടുകയുണ്ടായി. ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച്5എൻ5 മനുഷ്യരിലെ വൈറസ് ബാധയായിരുന്നു ഇത്. ഈ സംഭവങ്ങൾ പക്ഷിപ്പനി വൈറസുകൾ മനുഷ്യരിലേക്കും സസ്തനികളിലേക്കും അതിവേഗം പടരാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നു.
















