കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യത്തെ, ചര്‍മ്മദാനം നടന്നു. ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞ പത്തനംതിട്ട അങ്ങാടിക്കല്‍ നോര്‍ത്ത് പരശുരാമന്‍ വിളയില്‍ വീട്ടില്‍ ആഷിഖ് വിജയന്റെ (17) ചര്‍മ്മമാണ് ദാനം ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്കും സ്‌കിന്‍ ട്രാന്‍സ്പ്ലാന്റും ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ചര്‍മ്മദാനമാണിത്. ജൂണ്‍ 28ന് പത്തനംതിട്ട ടൗണി ലുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് ആഷിഖിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. മകന്റെ വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും ചര്‍മദാനത്തിന് അച്ഛന്‍ വിജയന്‍ സുകുമാരന്‍, അമ്മ ജലജ.ജി, സഹോദരന്‍ അശ്വിന്‍ എന്നിവരടങ്ങുന്ന കുടുംബം മാതൃകാപരമായി മുന്നോട്ടുവരികയായിരുന്നു. കുടുംബത്തോട് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന്‍ ആദരവ് അറിയിച്ചു. ആഷിഖിന്റെ ചര്‍മ്മത്തോടൊപ്പം കോര്‍ണിയകളും (നേത്രപടലം) ദാനം ചെയ്യാന്‍ കുടുംബം സമ്മതപത്രം നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം കോര്‍ണിയ ശേഖരിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ചര്‍മ്മദാനം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ സ്‌കിന്‍ ബാങ്കാണ് കോട്ടയത്ത് സജ്ജമാക്കിയിട്ടുള്ളത്. 2026 മെയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിന് സ്‌കിന്‍ ബാങ്കിനുള്ള ഔദ്യോഗിക അനുമതി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ)നല്‍കിയത്. അനുമതി ലഭിച്ചതിന് ശേഷം ഇവിടെ നടക്കുന്ന ആദ്യ ദാനമാണിത്.
അപകടങ്ങളില്‍പ്പെട്ട് ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും പുതുജീവന്‍ നല്‍കാന്‍ സ്‌കിന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം വലിയ സഹായമാകും. പ്രത്യേക താപനിലയിലാണ് ശേഖരിക്കുന്ന ചര്‍മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിങ്ങിനു ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇത് വച്ചുപിടിപ്പിക്കും.
അപകടത്തിലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത്തരം ചര്‍മ്മദാനം അത്യന്താപേക്ഷിതമാണ്. പരുക്കേറ്റ ഭാഗത്തു പുതിയ ചര്‍മ്മം ഒരു കവചമായി മാറുമെന്ന് മാത്രമല്ല, അണുബാധ തടയാനും, കഠിനമായ വേദന കുറയ്ക്കാനും, ശരീരത്തില്‍ നിന്നുള്ള ധാതുലവണ നഷ്ടം തടയാനും ഇത് സഹായിക്കും. കേരളത്തിന്റെയും കോട്ടയത്തിന്റെയും അവയവദാന രംഗത്ത് വലിയൊരു നാഴികക്കല്ലാവുകയാണ് ഈ ചരിത്ര നേട്ടം.
















