കേന്ദ്ര വഖഫ് ഭേദഗതി നാളുകൾ നീണ്ട വിസമ്മതത്തിനൊടുവിൽ അംഗീകരിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഡിസംബര്‍ അഞ്ചിനകം കേന്ദ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഏകദേശം 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം.
2025 ഏപ്രിലിൽ ആയിരുന്നു വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയത്. എന്നാൽ പഞ്ചിമബംഗാളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ അനുവദിക്കില്ലെന്ന് നേരത്തേ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. താൻ ഭിന്നിപ്പിച്ച് ഭരിക്കാന്‍ അനുവദിക്കില്ലെന്നും സംസ്ഥാനത്ത് 33 ശതമാനം മുസ്‌ലിങ്ങളുണ്ട്. നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മമത പറഞ്ഞിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തു വലിയ പ്രതിഷേധമുണ്ടാകുകയും തൃണമൂല്‍ കോണ്‍ഗ്രസ് വിഷയത്തില്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ വിധി അനുകൂലമായിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പി.ബി. സലീം ഇതുസംബന്ധിച്ച് അറിയിപ്പ്, എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും വ്യാഴാഴ്ച വൈകീട്ട് കത്തയച്ചു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ umeedminority.gov.in എന്ന കേന്ദ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കത്തില്‍ നല്‍കിയ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 80,000-ത്തിലധികമുള്ള വഖഫ് എസ്റ്റേറ്റുകളുടെ വിവരങ്ങള്‍ അതത് മുതവല്ലിമാര്‍ (വഖഫ് പ്രോപ്പര്‍ട്ടി മാനേജര്‍മര്‍) അപ്‌ലോഡ് ചെയ്യണം.
















