ഇന്ത്യൻ നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ 3-ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണുവാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. വൈകുന്നേരം 4 മണി മുതലാണ് ശംഖുമുഖം കടപ്പുറത്ത് ‘ഓപ്പറേഷൻ ഡെമോ’ എന്ന പേരിൽ ഈ ദൃശ്യ വിസ്മയം അരങ്ങേറുക.
ഇന്ത്യൻ നാവികസേനയുടെ കരുത്തും പ്രൗഢിയും വിളിച്ചോതുന്ന അഭ്യാസപ്രകടനങ്ങൾക്ക് ശംഖുമുഖം കടലും ആകാശവും സാക്ഷ്യം വഹിക്കും. ഐ.എൻ.എസ്. വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ, കൂടാതെ നാവികസേനയുടെ ആധുനിക പടക്കോപ്പുകൾ എന്നിവയുടെയെല്ലാം അവിസ്മരണീയമായ പ്രദർശനം കാണികൾക്ക് നേരിട്ടനുഭവിക്കാൻ കഴിയും.
ഈ പ്രകടനങ്ങൾ കാണുന്നതോടൊപ്പം തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാനുള്ള അവസരം ബഡ്ജറ്റ് ടൂറിസം സെൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. നാവികസേനയുടെ ഈ ശക്തി പ്രകടനത്തിന് സാക്ഷ്യം വഹിക്കാനും അതോടൊപ്പം തിരുവനന്തപുരത്തിന്റെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങൾ സന്ദർശിക്കാനും താത്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
















