ലോകത്തിലെ ഏറ്റവുംവലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബൈനാൻസിൽനിന്ന് ഏകദേശം 6.3 ശതകോടി ഡോളർ (ഏകദേശം 59,820 കോടിയിലധികം രൂപ) കവർന്നതായി റിപ്പോർട്ട്. ക്രിപ്റ്റോ ലോകത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുംവലിയ സൈബർ കവർച്ചയാണിതെന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.സംഭവത്തിന് പിന്നിൽ ഉത്തരകൊറിയ സർക്കാരിന്റെ പിന്തുണയുള്ള ‘ട്രേഡർ ട്രെയ്റ്റർ’ അഥവാ ലസാറസ് എന്ന കുപ്രസിദ്ധമായ ഹാക്കിങ് ഗ്രൂപ്പാണെന്ന് സൈബർ സുരക്ഷാ സ്ഥാപനങ്ങളായ ടിആർഎം ലാബ്സും ചെയിനാലിസിസും വെളിപ്പെടുത്തി. ആക്രമണത്തിന്റെ പല സവിശേഷതകളും നേരത്തെ നടന്ന സൈബർ കൊള്ളകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നാണ് ടിആർഎം പറയുന്നത്.
ഉത്തരകൊറിയയുടെ ഔദ്യോഗിക നാമമായ ‘ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ’ എന്നതിന്റെ ചുരുക്കരൂപമാണ് ഡിപിആർകെ. ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് ട്രേഡർ ട്രെയ്റ്റർ. 2014-ൽ കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന സിനിമ നിർമിച്ചതിന്റെ പേരിൽ സോണി പിക്ചേഴ്സ് ഹാക്ക് ചെയ്തത് ഇവരാണെന്ന് ആരോപണമുണ്ടായിരുന്നു. 2025 ഫെബ്രുവരിയിൽ ബൈബിറ്റ് ക്രിപ്റ്റോ എക്സ്ചേഞ്ച് ഹാക്കിങ്ങിൽ 1.5 ബില്യൺ ഡോളർ നഷ്ടപ്പെട്ടതിന് പിന്നിലും ട്രേഡർ ട്രെയ്റ്റർ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.വെറും 20 മിനിറ്റിനുള്ളിലാണ് ഹാക്കർമാർ വിവിധ ബ്ലോക്ക്ചെയിനുകളിലൂടെ തുക കടത്തിക്കൊണ്ടുപോയത്. ബൈനാൻസിലെ ഒരു ഡെവ്ഓപ്സ് എൻജിനീയറുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്താണ് അക്രമികൾ സിസ്റ്റത്തിനുള്ളിലേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും സംഭവിച്ച നഷ്ടം കമ്പനിയുടെ പ്രത്യേക ഇൻഷുറൻസ് ഫണ്ട് ഉപയോഗിച്ച് നികത്തുമെന്നും ബൈനാൻസ് അധികൃതർ അറിയിച്ചു. വിവിധ ബ്ലോക്ക്ചെയിൻ എക്സ്ചേഞ്ചുകളുമായും ഏജൻസികളുമായും സഹകരിച്ച് ഇതുവരെ ഏകദേശം മൂന്ന് ശതകോടി ഡോളറോളം വരുന്ന ക്രിപ്റ്റോ ആസ്തികൾ മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഈ വൻ സൈബർ ആക്രമണത്തിന്റെ വാർത്ത പുറത്തുവന്നതോടെ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള പ്രമുഖ ക്രിപ്റ്റോ കറൻസികളുടെ വിലയിൽ പെട്ടെന്ന് ഇടിവ് രേഖപ്പെടുത്തി. ബിറ്റ്കോയിൻ വില നാല് ശതമാനം ഇടിഞ്ഞ് 77,465 ഡോളറിലെത്തി. മറ്റു പല പ്രധാന ക്രിപ്റ്റോ ടോക്കണുകളുടെയും വിലയും ഇടിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
ഏകദേശം 14,000 കോടി ഡോളറിന്റെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചാണ് ബൈനാൻസ്. ഹാക്കിങ്ങിനെ തുടർന്ന് ബൈനാൻസിലുണ്ടായ മൊത്തം സാമ്പത്തിക നഷ്ടം 100 കോടി ഡോളറിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് സ്ഥാപകൻ ചാങ്പെങ് ഷാവോ മുന്നറിയിപ്പ് നൽകി. സമീപകാലത്തായി ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ഏപ്രിലിൽ സൊലാന ബ്ലോക്ക്ചെയിനിലെ ‘ഡ്രിഫ്റ്റ്’ എക്സ്ചേഞ്ചിൽനിന്ന് 28 കോടി ഡോളർ തട്ടിയെടുത്തിരുന്നു. ബൈനാൻസിലെ ആക്രമണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പ്രമുഖ ട്രേഡിങ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റും തേർഡ് പാർട്ടി സേവനദാതാവിലെ തകരാർ കാരണം പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.















