ഉത്തർപ്രദേശിൽ മൊറാദാബാദിൽ ബൂത്ത് ലെവൽ ഓഫീസർ ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തു. ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്തിരുന്ന യുപിയിലെ ഒരു സർക്കാർ സ്കൂളിലെ അസിസ്റ്റൻ്റ് അധ്യാപകനായ സർവേശ് കുമാർ(46) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം താങ്ങാനാവാതെയാണ് ജീവനൊടുക്കിയത്.
ഭോജ്പുരിലെ ബഹേദി ഗ്രാമത്തിലാണ് സർവേശ് കുമാറും കുടുംബവും താമസിക്കുന്നത്. ഞായറാഴ്ച പുലർച്ചെ സർവേശിൻ്റെ ഭാര്യ ബബ്ലിയാണ് വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോ ഇപ്പൊ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്.
പൊട്ടിക്കരഞ്ഞുകൊണ്ട് തനിക് എസ്ഐആർ ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. അതുപോലെ വിഡിയോയിൽ ചേച്ചിയോട് ക്ഷമ ചോദിക്കുകയും അമ്മയോട് തന്റെ മക്കളെ നോക്കണമെന്നും സർവേശ് ആവശ്യപ്പെടുന്നു.
“എസ്ഐആർ ജോലിയിൽ ഞാൻ പരാജയപ്പെട്ടു. ഞാനൊരു കടുംകൈ ചെയ്യാൻ പോകുകയാണ്, അതിന് ഞാൻ മാത്രമാണ് ഉത്തരവാദി. മറ്റാർക്കും ഇതിൽ പങ്കില്ല. ഞാൻ വളരെ അസ്വസ്ഥനാണ്. കഴിഞ്ഞ 20 ദിവസമായി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. സമയം കിട്ടിയിരുന്നെങ്കിൽ ഞാൻ ഈ ജോലി തീർത്തേനെ. എനിക്ക് നാല് ചെറിയ പെൺമക്കളുണ്ട്. ദയവായി എന്നോട് ക്ഷമിക്കണം. ഞാൻ നിങ്ങളുടെ ലോകത്ത് നിന്ന് വളരെ ദൂരെ പോവുകയാണ്,” സർവേശ് വിഡിയോയിൽ പറയുന്നത് ഇങ്ങനെ.
ഒക്ടോബർ ഏഴിനാണ് സർവേശ് കുമാറിന് ബിഎൽഒയുടെ ജോലി നൽകിയത്. അദ്ദേഹത്തിന് ജോലിയിൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
















