ശബരിമല: സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അണ്ണാനഗർ സ്വദേശിയായ അരശു ഗോവിന്ദൻ (49), സേലം ഉനത്തൂർ സ്വദേശിയായ പ്രകാശ് (39) എന്നിവരാണ് പൊലീസിന്റെ വലയിലായത്.
ദർശനം കഴിഞ്ഞ് നടപ്പന്തലിനടുത്തുള്ള ഒരു മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന മലപ്പുറം സ്വദേശി രജീഷ് എന്നയാളുടെ പഴ്‌സാണ് പ്രതികൾ മോഷ്ടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സന്നിധാനം പൊലീസ് അതിവേഗം നടപടി സ്വീകരിച്ചു.
സന്നിധാനം പൊലീസ് ഇൻസ്പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, അഖിൽ, നിതിൻ, അഭിൽ, ജീവൻദാസ് എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ തുടർന്ന് കോടതിയിൽ ഹാജരാക്കി.
















