കേരളത്തില്‍ കുറച്ചു കാലമായി നടന്നു വരുന്ന പോരാട്ടമാണ് മാധ്യമ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പറയുന്നതെല്ലാം ഒരേ കാര്യമാണെങ്കിലും വ്യത്യസ്ത വഴിയികള്‍ തെരഞ്ഞെടുത്തവരാണ് ഓരോ ചാനലുകളും. പക്ഷെ, സത്യം മാത്രമേ പറയൂ എന്നവാശിക്കു മാത്രമേ ഒരുമയുള്ളൂ. എന്നാല്‍ പറയുന്നതോ, അവനവന്റെ മാധ്യമ മുതലാളിയുടെ രാഷ്ട്രീയവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന വാര്‍ത്തകളും. ഇത് നിഷേധിക്കാന്‍ കഴിയുന്ന ഒരു മാധ്യമവും ഇപ്പോഴില്ല എന്നതാണ് വസ്തുത. ഈ വാദം അംഗീകരിക്കാം നിഷേധിക്കാം. പക്ഷെ, സത്യം മറച്ചു പിടിക്കാനാവില്ല. അത് ഒരുനാള്‍ പുറത്തുവരികയും പരസ്പരം പോരടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ 24 ചാനലും റിപ്പോര്‍ട്ടര്‍ ചാനലും നടത്തിക്കൊണ്ടിരിക്കുന്നത്.
മാധ്യമങ്ങള്‍ പൊതുവേ പരസ്പരം പഴിചാരലും, തമ്മില്‍ക്കുത്തും പരമാവധി ഒഴിവാക്കിയുള്ള യാത്രയാണ് നടത്താറ്. എന്നാല്‍, അടുത്ത കാലത്തായി മാധ്യമങ്ങളുടെ ഈഗോയും, തന്‍പ്രമാണിത്വവും, രാഷ്ട്രീയവുമെല്ലാം പൊതുവഴിയില്‍പ്പോലും അഴിഞ്ഞു വീണിട്ടുണ്ട്. തമ്മില്‍ക്കണ്ടാല്‍ കടിച്ചു കീറുന്ന സ്‌നേഹമായിരിക്കും എന്നാല്‍, കുറച്ചങ്ങു മാറിയാല്‍ പരസ്പരം പഴി പറയുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് ചൊല്ല്. ഇത് മാധ്യമ മേഖലയില്‍ മാത്രമല്ല, സര്‍വ്വവിധ മേഖലയിലും രൂഢമൂലമായ കാര്യമാണ്. എന്നാല്‍, മാധ്യമ മേഖലയില്‍ ഇത് മറ്റുള്ളതിനേക്കാള്‍ തീവ്രത കൂടിയ നിലയിലാണ് കാണപ്പെടുന്നത്. പത്ര പ്രവര്‍ത്തനവും, ചാനല്‍ പ്രവര്‍ത്തനവും രണ്ടു രീതികളാണ്.
ചാനലിന് ജനങ്ങളെ അറിയണ്ട, ജനങ്ങള്‍ക്ക് ചാനലില്‍ ഉള്ളവരെ അറിഞ്ഞാല്‍ മതി. പക്ഷെ, പത്ര പ്രവര്‍ത്തനം നേരെ തിരിച്ചാണ്. ജനങ്ങളെ അറിയണം. പത്ര പ്രവര്‍ത്തകനെ ആര്‍ക്കും അറിയാനാകില്ല. അതായത്, വാര്‍ത്ത മാത്രമാണ് ജനങ്ങലുമായി സംവദിക്കുന്നത്. ഇതില്‍ വാര്‍ത്താ ലേഖകന് താര പരിവേഷമുണ്ടാകുന്നില്ല. എന്നാല്‍, ഏതെങ്കിലും അവാര്‍ഡ് സെറിമണികളില്‍ പത്രത്തിലെ റിപ്പോര്‍ട്ടിംഗിന് അവാര്‍ഡ് കിട്ടുമ്പോഴാണ് വാര്‍ത്തയുടെ സൃഷ്ടാവിനെ ജനങ്ങള്‍ കാണുന്നത്. ഇത് പത്രത്തിന്റെയും വാര്‍ത്തയുടെയും വിശ്വാസ്യതയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം, ചാനലുകളില്‍ വാര്‍ത്ത പറയുന്നവരെല്ലാം സെലിബ്രിട്ടി സ്റ്റാറ്റസുള്ളവരായി സ്വയം മാറ്റുകയാണ്.
അഭ്രപാളിയെ രണ്ടായി തിരിച്ച കാലം മുതല്‍ ടെലിവിഷന്‍ രണ്ടാം അഭ്രപാളിയാണ്. സിനിമയില്‍ നിന്ന് വാര്‍ത്ത വായിക്കാന്‍ അഭിനയിക്കണം. എന്നാല്‍, ടി.വിയില്‍ അത് വാര്‍ത്താ ചാനലായി തന്നെ ചെയ്യാനാകും. അപ്പോള്‍ രണ്ടാമത്തെ അഭ്പപാളിയിലെ നടന്‍മാരും നടിമാരുമായി മാറുകയാണ് വാര്‍ത്താ അവതാരകര്‍. അവതാരകരും റിപ്പോര്‍ട്ടര്‍മാരും പറയുന്ന വാര്‍ത്തകളെ, ആ വാര്‍ത്ത നല്‍കുന്ന വ്യക്തിയുടെ വിശ്വാസ്യതയുടെ കോലു കൊണ്ടാണ് പ്രേക്ഷകര്‍ അളക്കുന്നതും. അങ്ങനെ ചാനലകളിലെ മാധ്യമ പ്രവര്‍ത്തകര്‍ പത്ര സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെക്കാള്‍ കൂടുതല്‍ ജനകീയരാകും.
ഇത് വാര്‍ത്തയുടെ വേഗത്തിലുള്ള ഒഴുക്കിന് കാരണാകുന്നുണ്ട്. ഒരു ദിവസം നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് എത്തപ്പെട്ടു. അതിനാല്‍, ഓരോ വിഷത്തിന്റെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ മന്ത്രിമാരെ അങ്ങോട്ടു ചെന്നുകണ്ട്, വിവരങ്ങള്‍ തിരക്കല്‍ സ്വാഭാവിക മാധ്യമ പ്രവര്‍ത്തനം ആയിമാറി. സ്‌പോട്ട് റിപ്പോര്‍ട്ടിംഗ് എന്നൊരു സംവിധാനവും, വാര്‍ത്തകളുടെ ഫോളോ അപ്പ് സ്റ്റോറികളും അതതു സംഭവ സ്ഥലങ്ങളില്‍ നിന്നു ചെയ്യുന്നതോടെ വാര്‍ത്തയുടെ മാനം മാറി. ഇത് പരസ്യക്്കാരെയും സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ ചാനലുകള്‍ തന്നെയാണ് ഇപ്പോഴത്തെ വാര്‍ത്താ ഉറവിടമായി ജനം കാണുന്നതും. ഇതിന്റെ ഭാഗമായാണ് ബാര്‍ക്ക് തട്ടിപ്പ് വരുന്നത്. കിട മത്സരങ്ങള്‍ പണത്തിന്റെ പേരില്‍ തന്നെയാണ് തുടങ്ങുന്നത്.
അല്ലാതെ ജനങ്ങളിലേക്ക് സത്യം വിളിച്ചു പറയുന്നതിനുള്ള മത്സരമല്ല. 24 ചാനലും റിപ്പോര്‍ട്ടര്‍ ചാനലും ഇപ്പള്‍ നടത്തിക്കൊണ്ടിരിക്കുന്നതും ഇതാണ്. ബാര്‍ക്ക് തട്ടിപ്പിന്റെ പേരില്‍ ഇപ്പോള്‍ത്തന്നെ 100 കോടിയുടെ പണക്കണക്കാണ് വരുന്നത്. ബാര്‍ക്ക് റേറ്റിംഗ് കൂട്ടാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു ബാര്‍ക്ക് ഉദ്യോഗസ്ഥന് നല്‍കിയത് 100 കോടിരൂപയാണെന്ന വെളിപ്പെടുത്തലാണ് 24 ന്യൂസ് നടത്തിയത്. ശ്രീകണ്ന്‍ നായര്‍ ചീഫ് എഡിറ്ററായ 24 ചാനലിന്റെ ഡയറക്ടര്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ആലുങ്ങല്‍ മുഹമ്മദിനെതിരേ റിപ്പോര്‍ട്ടര്‍ ചാനല്‍ പകരം തീര്‍ത്ത് പഴയൊരു കേസ് കുത്തിപ്പൊക്കി വാര്‍ത്ത ചെയ്തു. ഇതോടെ ആലുങ്ങല്‍ മാനനഷ്ടക്കേസ് കൊടുത്തു. അതും 100 കോടിയുടേത്.
ഇനി റിപ്പോര്‍ട്ടറുടെ ഊഴമാണ്. തിരിച്ച് മാനനഷ്ടക്കേസാണോ, അതോ അല്ലാത്ത കേസാണോ എന്ന് കണ്ടുതന്നെ അറിയണം. മാനനഷ്ടക്കേസാണെങ്കില്‍ അതും 100 കോടി തന്നെ ആവശ്യപ്പെടണം. അപ്പോള്‍ കോടികളുടെ കണക്കു വെച്ചുള്ള പോരാട്ടമെന്ന വാര്‍ത്ത കൂടി സോഷ്യല്‍ മീഡിയയില്‍ ഓടും. റിപ്പോര്‍ട്ടര്‍ ചാനലുകാര്‍ 24നെതിരേ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് കാണാനാണ് ജനം കാത്തിരിക്കുന്നത്.
CONTENT HIGH LIGHTS;Will the 100 crore game continue?: Next is Reporter Channel’s turn; Where is the media battle at?; BARC fraud and the backstory
















