ഹിമാലയൻ മലനിരകളുടെ മഹത്തായ കയങ്ങളിൽ ചുരുണ്ട കിടക്കുന്ന, മഞ്ഞിന്റെ വെള്ളിപുതപ്പ് ധരിച്ച ഒരു സ്വപ്നഭൂമിയാണ് മണാലി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഈ ഹിൽസ്റ്റേഷനിലേക്ക് ഓരോ വർഷവും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രകൃതിയുടെയും സാഹസികതയുടെയും മനോഹര സാന്നിധ്യം ഒരുമിച്ചുള്ള ഈ സ്ഥലത്തെ ശൈത്യകാലമാണ് ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിക്കുന്നത്. ഹിമാലയത്തിന്റെ നിത്യസാന്നിധ്യം, സോളാങ് താഴ്വരയിലെ സജീവത, ഹഡിംബയുടെ ചുറ്റുമുള്ള വനങ്ങളുടെ മായാജാലം, വസിഷ്ടിലെ ചൂട് ഉറവയുടെ ഒപ്പം ലഭിക്കുന്ന ആന്തരികശാന്തി ഇവയെല്ലാം ഒരു യാത്രക്കാരന്റെ ആത്മാവിനെ പുതുക്കുന്ന അനുഭവങ്ങളാണ്.
ശീതകാലത്തിന്റെ തണുത്ത കാറ്റും മഞ്ഞുപെയ്യുന്ന ആകാശവും ചേർന്ന് ക്രിസ്മസിന്റെയും ന്യൂഇയറിന്റെയും ആഘോഷങ്ങളെ കൂടുതൽ മനോഹരമാക്കുന്നിടമാണ് മണാലി. ക്രിസ്തുമസ്–ന്യൂ ഇയർ അവധിക്കാലം അടുത്തുവരുന്നതിനോടൊപ്പം കുളു–മണാലിയിലേക്ക് യാത്ര പദ്ധതിയിടുന്നവരുടെ എണ്ണവും കാര്യമായി വർധിച്ചിട്ടുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശീതകാലം മണാലിയെ വെളുത്ത മഞ്ഞിന്റെ പുതപ്പിൽ പൊതിഞ്ഞ ഒരു സ്വപ്നഭൂമിയാക്കുന്നു. ഡിസംബർ–ജനുവരി മാസങ്ങളിൽ താപനില −5° സെൽഷ്യസിലേക്കും താഴാറുണ്ട്, സഞ്ചാരികൾക്ക് മഞ്ഞുവീഴ്ചയുടെ അത്ഭുതം നേരിൽ കാണാനുള്ള അവസരം ഒരുക്കുന്നു.
ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂൺ സ്‌പോട്ടുകളിൽ ഒന്നായ ഇവിടം സാഹസിക വിനോദങ്ങൾക്കായും ഏറെ പേരെടുത്തതാണ്. വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, ട്രെക്കിംഗ്, ഹൈക്കിംഗ് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ സഞ്ചാരികളെ ആവേശഭരിതരാക്കുന്നു.
ജൂൺ മുതൽ ഒക്ടോബർ വരെ തുറന്നിരിക്കുന്ന റോഹ്താങ്ങ് പാസ് മണാലിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ്. 13,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കുളു താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജീവിതരേഖപോലെയാണ്. മണാലിയിൽ നിന്ന് ടാക്‌സി സർവീസുകൾ വഴി ഇവിടെ എളുപ്പം എത്താം.
മണാലിയിൽ പ്രധാനമായും രണ്ട് പ്രദേശങ്ങളാണുള്ളത്, മണാലി ടൗൺ എന്നും ഓൾഡ് മണാലി എന്നും. മണാലി ടൗണിൽ പ്രത്യേക ആകർഷണങ്ങൾ ഒന്നുമില്ലെങ്കിലും, ഷോപ്പിംഗിനും ട്രാവൽ ഏജൻറുകളുമായി ബന്ധപ്പെടാനുമുള്ള മികച്ച സ്ഥലമാണ് ഇത്. അതേസമയം, ഓൾഡ് മണാലിയാണ് സന്ദർശകരുടെ ഹൃദയം കവരുന്ന യഥാർത്ഥ വിനോദ കേന്ദ്രം. ടിബറ്റൻ മാർക്കറ്റ്, മനു മാർക്കറ്റ്, മാൾ റോഡ്, ഹിമാചൽ എംപോറിയം തുടങ്ങിയ നിറഞ്ഞുനിലക്കുന്ന വിപണികൾ ഓൾഡ് മണാലിയെ ഒരു സഞ്ചാര സ്വർഗ്ഗമാക്കി മാറ്റുന്നു.
കാലാവസ്ഥയുടെ സുന്ദര പരിവർത്തനങ്ങൾക്കൊരിക്കലും മങ്ങാത്ത വിരുന്നൊരുക്കുന്ന ഈ സ്ഥലം, പ്രകൃതി സ്നേഹികളുടെ, സാഹസികരായ യാത്രികരുടെ ഏറ്റവും പ്രീയപ്പെട്ട ചോയ്സ് ആണ്. ഒരിക്കൽ പോയാൽ മറക്കാത്ത ഒരു ഓർമയായി മനസ്സിൽ മണാലി യാത്ര ഉണ്ടാകും. വർഷത്തിലെ ഏതുസമയത്തും മണാലി സഞ്ചാരികളെ ചേർത്തുപിടിക്കും, എന്നാൽ ശൈത്യകാലത്ത് ഇവിടെ എത്തുന്നവർക്ക് അത് ജീവിതം മുഴുവൻ ഓർക്കാവുന്ന മഞ്ഞുവിരുന്നും ഹിമാലയത്തിന്റെ ഉത്സവമൂഡുമാണ് സമ്മാനിക്കുക.
















