കേരളത്തിലെ ‘ലണ്ടൻ ബ്രിഡ്ജ്’ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട് കേരളത്തിൽ! അതാണ് കൊല്ലത്തുള്ള പുനലൂർ തൂക്കുപാലം. 148 വർഷങ്ങളുടെ ചരിത്രവും പ്രൗഢിയുമുള്ള ഈ നിർമ്മാണ വിസ്മയം കാണാൻ ദിവസേന നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്.
1877-ൽ കല്ലടയാറിന് കുറുകെ നിർമ്മിച്ച ഈ പാലം 148 വർഷങ്ങൾക്കിപ്പുറവും തനിമ ചോരാതെ നിലകൊള്ളുന്നു.
തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് ബ്രിട്ടീഷ് എഞ്ചിനീയർ ആൽബർട്ട് ഹെൻറിയുടെ മേൽനോട്ടത്തിലാണ് പാലം പൂർത്തിയാക്കിയത്. 1871-ൽ ആരംഭിച്ച നിർമ്മാണത്തിന് ആവശ്യമായ മിക്ക സാമഗ്രികളും ഇംഗ്ലണ്ടിൽ നിന്നാണ് എത്തിച്ചത്.
400 അടി നീളമുള്ള ഈ പാലം ഇരുമ്പ്, മരം (കമ്പകം), കല്ല് എന്നിവയുടെ മികച്ചൊരു കൂട്ടുനിർമ്മിതിയാണ്. കൂറ്റൻ കൽക്കമാനങ്ങളും തടിപ്പലക വിരിച്ച നടപ്പാതയുമാണ് പാലത്തിന്റെ പ്രധാന ആകർഷണം.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാഹന തൂക്കുപാലമാണിത്. ഒരുകാലത്ത് വാഹന ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നെങ്കിലും നിലവിൽ ഇത് പൈതൃക സ്മാരകമായി സംരക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കേന്ദ്രം നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2014-ലാണ് കാൽനടയാത്രക്കാർക്കായി തുറന്നുകൊടുത്തത്. രാത്രികാല വെളിച്ച സംവിധാനങ്ങളും സന്ദർശകർക്കായി വിശ്രമസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഈ പാലത്തിൽ കയറുന്നതോടെ പുനലൂർ പോലെ തിരക്കേറിയ ഒരു സിറ്റിയുടെ ഹൃദയഭാഗത്താണ് നിൽക്കുന്നതെന്ന കാര്യം നിങ്ങൾ മറന്നുപോകും. അത്രയ്ക്ക് മനോഹരവും അത്ഭുതപ്പെടുത്തുന്നതുമാണ് ഈ തൂക്കുപാലത്തിന്റെ നിർമ്മാണ രീതി. തൂക്കുപാലത്തിന്റെ മരപ്പലകകളിൽ പാദങ്ങൾ അമർത്തി മുന്നോട്ട് നീങ്ങുമ്പോൾ താഴെ ആനന്ദത്തോടെ ഒഴുകുന്ന കല്ലടയാറിനെ കാണാം.















