2025-ലെ മുൻനിര വിജയചിത്രങ്ങളിൽ ഒന്നായി എക്കോ (Echo) ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ഇതിനോടകം മുപ്പത് കോടിയിലേറെ കളക്ഷൻ നേടി ഈ ചിത്രം ശ്രദ്ധേയമാകുമ്പോൾ ചിത്രത്തിലെ ഓരോ താരങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ടോപ്പ് റേറ്റിങ്ങിൽ നിൽക്കുന്ന താരങ്ങൾ അണിനിരക്കാതിരുന്നിട്ടും മികച്ച കാസ്റ്റിംഗ് കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് – കുര്യച്ചനും അദ്ദേഹത്തിന്റെ സ്വന്തം മ്ലാത്തിയും. കുര്യച്ചനായി എത്തിയ സൗരഭ് സച്‌ദേവ എന്ന നടൻ ഓരോ സിനിമാ പ്രേമിയുടെയും പ്രിയങ്കരനായി മാറിക്കഴിഞ്ഞു.
മലയാളികൾക്ക് ഒരു “ഹിന്ദിക്കാരന്റെ ലുക്ക്” തോന്നിയ സൗരഭ് യഥാർത്ഥത്തിൽ മലയാളിയല്ല, പഞ്ചാബിയാണ്. 1978 സെപ്റ്റംബർ 24 ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച സൗരഭ് സച്‌ദേവക്ക് നിലവിൽ നാല്പത്തിയേഴ് വയസ് ആണ് പ്രായം.
ഡൽഹിയിലെ സാകേതിലെ മോഡൽ സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് തന്നെ താരം തന്റെ ഗുരു സ്ഥാനത്തിലൂടെയാണ് പ്രശസ്തനായതെന്ന വസ്തുത പലർക്കും അറിവുണ്ടായിരുന്നില്ല.
ബാരി ജോണിന്റെ ഇമാഗോ ആക്ടിംഗ് സ്കൂളിൽ മാസ്റ്ററായി പ്രവർത്തിച്ച സൗരഭ് സച്‌ദേവ നിരവധി പ്രമുഖ താരങ്ങളുടെ മെന്റർ ആയിരുന്നു. മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ, ബോളിവുഡ് താരങ്ങളായ അനുഷ്ക ശർമ്മ എന്നിവർക്ക് പരിശീലനം നൽകിയവരിൽ സൗരഭ് മുന്നിലുണ്ട്. ഓസ്‌കാർ പുരസ്‌കാരം നേടിയ സ്ലംഡോഗ് മില്യണയറിലെ നായികയായ ഫ്രീഡ പിന്റോ, റാണ ദഗ്ഗുബതി, വരുൺ ധവാൻ, റിച്ച ഛദ്ദ, തൃപ്തി ദിമ്രി തുടങ്ങിയ പ്രമുഖരും സൗരഭിന്റെ ശിഷ്യൻമാരുടെ പട്ടികയിലുണ്ട്.
തെരുവ് നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ സൗരഭ് സച്‌ദേവ, 2017-ൽ ‘മറൂൺ’ എന്ന ചിത്രത്തിലെ ഇൻസ്‌പെക്ടറുടെ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ഹൗസ്ഫുൾ 4’, ‘രാത് ബാക്കി ഹേ’, ‘വധ്’, ‘ഹദ്ദി’, ‘ബംബൈ മേരി ജാൻ’, ‘ജാനെ ജാൻ’, ‘പുഷ്പ 2: ദി റൂൾ’ തുടങ്ങി നിരവധി സിനിമകളിലും വെബ് ഷോകളിലും താരം ഇതിനോടകം അഭിനയിച്ചു.
എന്നാൽ, പ്രശസ്ത സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ 2023-ലെ സൂപ്പർഹിറ്റ് ചിത്രം ‘ആനിമലി’ലാണ് സൗരഭ് സച്‌ദേവയുടെ കരിയറിലെ വഴിത്തിരിവ്. ബോബി ഡിയോൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരനായ ‘അബിദ് ഹഖ്’ ആയി അദ്ദേഹം എത്തി, ആ പ്രകടനം നടന് വലിയ പ്രശസ്തി നേടിക്കൊടുത്തു.
















