എറണാകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. സംഭവസ്ഥലത്ത് പോലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. പച്ചാളം റെയിൽവേ ഗേറ്റിനടുത്തുള്ള ട്രാക്കിലെ നടുഭാഗത്തായാണ് ആട്ടുകല്ല് വെച്ചിരുന്നത്.
വെള്ളി പുലർച്ചെ നാലരയോടെ മൈസൂർ- കൊച്ചുവേളി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നുപോയിരുന്നു. ട്രെയിൻ പോയതിന് ശേഷമാണ് ആട്ടുകല്ല് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെടുന്നതും തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിക്കുന്നതും. തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് ആട്ടുകല്ല് ട്രാക്കിൽ നിന്നും എടുത്തുമാറ്റി.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണുള്ളത്. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്.
















