ഒരു മിസ്ഡ് കോളിലൂടെ മൊട്ടിട്ട്, രഹസ്യ വിവാഹത്തിലൂടെ പൂവിട്ട്, ഒടുവിൽ കാമുകന്റെ വീട്ടുപറമ്പിൽ ഉപ്പിട്ടുമൂടിയ നിലയിൽ അവസാനിച്ച ഒരു ജീവിതം. അതാണ് പൂവാർ സ്വദേശിനി രാഖിമോളിന്റെ ദുരന്തകഥ. 2019-ൽ തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ നടന്ന ഈ ക്രൂരകൃത്യം കേരളത്തെ ഞെട്ടിച്ചു. നാടിനെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഒരു പട്ടാളക്കാരൻ തന്നെ, ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടിക്ക് മരണമെന്ന കഠിനമായ സമ്മാനം നൽകിയത് പ്രണയബന്ധങ്ങളിലെ പകയുടെ ആഴം എത്രത്തോളമെന്ന് വിളിച്ചുപറയുന്നു.
ആത്മാർത്ഥമായ പ്രണയം ഇന്ന് പകയുടെയും പ്രതികാരത്തിൻ്റെയും രൂപത്തിലേക്ക് മാറിയിരിക്കുന്നു. ആത്മാർത്ഥമായി പ്രണയിച്ചാലും മരണം, എതിർത്താലും മരണം എന്നൊരു മരണക്കെണി പോലെയാണ് പ്രണയബന്ധങ്ങൾ മാറുന്നത്. ആറ് വർഷം മുൻപ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്രണയം പകയായി മാറിയ ഈ സംഭവം നമ്മുടെ നാടിനെ ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.
എറണാകുളത്തെ സ്വകാര്യ കേബിൾ കമ്പനിയിൽ ജീവനക്കാരിയായിരുന്ന 30 വയസ്സുകാരി രാഖി മോളും, അമ്പൂരി തട്ടാൻമുക്ക് സ്വദേശിയും സൈനികനുമായ 25 വയസ്സുകാരൻ അഖിൽ ആർ. നായരുമായി അടുക്കുന്നത് ഒരു അപ്രതീക്ഷിത മിസ്ഡ് കോളിലൂടെയാണ്. ഈ സൗഹൃദം അതിവേഗം പ്രണയമായി വളർന്നു. 2019 ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരും ആരുമറിയാതെ രഹസ്യമായി വിവാഹിതരായി. തുടർന്ന് ഇവർ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുകയും ചെയ്തു.
അവരുടെ ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജോലിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ അഖിൽ കാട്ടാക്കട അന്തിയൂർക്കോണം സ്വദേശിനിയുമായി പുതിയ പ്രണയത്തിലാവുകയും രാഖി അറിയാതെ ആ ബന്ധം വിവാഹനിശ്ചയം വരെ എത്തുകയും ചെയ്തു. ഈ വിവരം രാഖി അറിഞ്ഞതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. അഖിലിന്റെ പുതിയ വിവാഹബന്ധത്തെ ശക്തമായി എതിർത്ത രാഖി, താനുമായുള്ള വിവാഹത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാരെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. 2019 മേയ് മാസത്തിൽ രാഖി നേരിട്ട് ചെന്ന് വിവരം അറിയിച്ചതോടെ അഖിലിന്റെ വിവാഹം മുടങ്ങി.
ഇതോടെ അഖിലിന്റെ പ്രണയം ക്രൂരമായ പകയായി മാറി. രാഖിയെ കൊലപ്പെടുത്താൻ അഖിൽ സ്വന്തം സഹോദരൻ രാഹുലിന്റെയും സുഹൃത്ത് ആദർശിന്റെയും സഹായത്തോടെ പദ്ധതി ആസൂത്രണം ചെയ്തു.
കൊലപാതകം നടപ്പാക്കാനായി അടുത്ത അവധിക്ക് നാട്ടിലെത്തിയ അഖിൽ കന്യാകുമാരി സ്വദേശിയായ ഒരു പട്ടാളക്കാരന്റെ കാർ സംഘടിപ്പിച്ചു. ജൂൺ 21-ന് എറണാകുളത്തുനിന്ന് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസിറങ്ങിയ രാഖി, കാത്തുനിന്ന അഖിലിന്റെ കാറിൽ കയറി. അമ്പൂരിയിലെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലേക്ക് യാത്രയായി.
വീടിന് മുന്നിൽവെച്ച് കലഹം മൂർച്ഛിച്ചപ്പോൾ കാറിൽ കാത്തുനിന്ന രാഹുൽ ഡോർ തുറന്ന് അകത്ത് കയറി, ‘എന്റെ അനുജനെ ജീവിക്കാൻ അനുവദിക്കില്ലേ’ എന്ന് ചോദിച്ച് രാഖിയെ മർദ്ദിച്ചു. രാഹുൽ ആദ്യം സീറ്റ് ബെൽറ്റ് കഴുത്തിൽ മുറുക്കി. നിലവിളി പുറത്തുവരാതിരിക്കാൻ അഖിൽ കാറിന്റെ ആക്സിലേറ്റർ കൂട്ടി ശബ്ദമുണ്ടാക്കി. തുടർന്ന് പ്ലാസ്റ്റിക് കയർ മുറുക്കി ഇരുവരും ചേർന്ന് രാഖിയുടെ മരണം ഉറപ്പാക്കി.
മൃതദേഹം പെട്ടെന്ന് അഴുകാനും ദുർഗന്ധം വരാതിരിക്കാനുമായി കൊലപാതകത്തിന് ദിവസങ്ങൾ മുൻപേ അഖിൽ വീട്ടുമുറ്റത്ത് കുഴിയെടുക്കുകയും ചാക്ക് കണക്കിന് ഉപ്പ് വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, രാഖിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, പൂർണ്ണ നഗ്നയായാണ് മൃതദേഹം മുൻകൂട്ടി തയ്യാറാക്കിയ കുഴിയിൽ നിക്ഷേപിച്ചത്. കുഴി മൂടിയ ശേഷം ദുർഗന്ധം പുറത്തുവരാതിരിക്കാൻ വൻതോതിൽ പരൽ ഉപ്പ് വിതറുകയും മൃതദേഹം മറവു ചെയ്ത സ്ഥലത്ത് കമുകിൻ തൈകൾ നട്ട് സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു.
ക്രൂരകൃത്യത്തിന് ശേഷം അഖിൽ ഡൽഹിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങി. രാഖി മറ്റൊരാളോടൊപ്പം ഒളിച്ചോടി എന്ന് വരുത്തിത്തീർക്കാൻ രാഖിയുടെ ഫോണിൽനിന്ന് സന്ദേശങ്ങൾ അയച്ച് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ, രാഖിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ആധുനിക സാങ്കേതികവിദ്യ തുണയായി. യുവതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത് അമ്പൂരിയിൽ ആയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ സിഗ്നലുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ അഖിലിലേക്കും കൂട്ടാളികളിലേക്കും എത്തിച്ചത്. ഒടുവിൽ, സുഹൃത്ത് ആദർശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
കൊലപാതകം നടന്ന് ഒരുമാസത്തിന് ശേഷം, അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പറമ്പിൽനിന്ന് രാഖിയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിൽനിന്ന് കണ്ടെത്തിയ താലിച്ചരട് രാഖിയുമായുള്ള രഹസ്യവിവാഹത്തിൻ്റെ തെളിവായി.
കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് പ്രതികൾക്കെതിരെയും കേസ് എടുത്തത്. നീണ്ട വിചാരണകൾക്ക് ശേഷം, 2023-ൽ ഈ കേസിൽ പ്രതികളായ അഖിൽ എസ്. നായർ, രാഹുൽ എസ്. നായർ, ആദർശ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്വന്തം പ്രണയിനിയോട് പട്ടാളക്കാരൻ കാട്ടിയ ഈ കൊടുംക്രൂരത, പ്രണയപ്പകയുടെ ചോരമണക്കുന്ന ഒരു ഓർമ്മയായി ഇന്നും കേരളത്തിൽ നിലനിൽക്കുന്നു.
















