പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്യൂഡ്’ എന്ന സിനിമയിൽ തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ഒത്തുതീർപ്പാക്കി. സംഗീത ഇതിഹാസം ഇളയരാജയുമായിട്ടാണ് കമ്പനി ഒത്തുതീർപ്പിലെത്തിയത്. തന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് ചിത്രത്തിൽ ഗാനങ്ങൾ ഉപയോഗിച്ചതെന്ന് ആരോപിച്ച് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു.
പി.ടി.ഐ. റിപ്പോർട്ട് അനുസരിച്ച്, ‘ഡ്യൂഡ്’ സിനിമയിൽ ഇളയരാജയുടെ ‘നൂറ് വർഷം’, ‘കറുത്ത മച്ചാൻ’ എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് നിർമ്മാതാക്കൾ അദ്ദേഹത്തിന് 50 ലക്ഷം രൂപ നൽകിയത്. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള നിയമപരമായ തർക്കം അവസാനിച്ചു.
നേരത്തെ, അജിത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലും ഇളയരാജയുടെ ‘ഒത്ത രൂപ’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിന് മൈത്രി മൂവി മേക്കേഴ്‌സിനെതിരെ അദ്ദേഹം പരാതി നൽകിയിരുന്നു. തുടർച്ചയായി തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെയാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചത്.
വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ചില പ്രധാന നിരീക്ഷണങ്ങൾ ഉണ്ടായി. 30 വർഷം മുമ്പിറങ്ങിയ പാട്ട് ഇപ്പോൾ സിനിമയിൽ ഉപയോഗിച്ചതിനെ ഇളയരാജ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കോടതി ആരാഞ്ഞിരുന്നു. പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നത് നിലവിലെ ഒരു പ്രവണതയാണെന്നും അന്നത്തെ പാട്ടുകൾ ഇന്നും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ടെന്നും ജസ്റ്റിസ് എൻ. സെന്തിൽകുമാർ അഭിപ്രായപ്പെട്ടു.
അതേസമയം, ഗാനങ്ങൾ നിയമപരമല്ലാത്ത രീതിയിലാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഇളയരാജയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. പ്രഭാകരൻ കോടതിയിൽ പറഞ്ഞു. പകർപ്പവകാശം നിലനിൽക്കെ ഗാനങ്ങൾക്ക് രൂപമാറ്റം വരുത്തി ഉപയോഗിച്ചെന്നും, അതിനാൽ സിനിമയിൽ നിന്ന് പാട്ടുകൾ ഒഴിവാക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൈത്രി മൂവി മേക്കേഴ്സിനോട് എന്തിനാണ് ഇളയരാജയുടെ പാട്ടുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ, സോണി മ്യൂസിക്കിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് നിർമ്മാതാക്കളുടെ അഭിഭാഷകൻ അറിയിച്ചത്. നേരത്തെ എക്കോ റെക്കോഡിനുണ്ടായിരുന്ന ഇളയരാജ ഗാനങ്ങളുടെ പകർപ്പവകാശം പിന്നീട് സോണി മ്യൂസിക് വാങ്ങുകയായിരുന്നു എന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു. ഈ വിഷയങ്ങളിലാണ് ഇപ്പോൾ ഒത്തുതീർപ്പുണ്ടായിരിക്കുന്നത്.
















