രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സമ്പ്രദായം അടുത്ത വർഷത്തോടെ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. നിലവിൽ ടോൾ പ്ലാസകൾ വഴി നേരിട്ട് പണം ഈടാക്കുന്ന രീതിക്ക് പകരം, ഒരു വർഷത്തിനുള്ളിൽ അത്യാധുനിക ഇലക്ട്രോണിക് ടോൾ സംവിധാനം നടപ്പിലാക്കുന്നതോടെ ദേശീയപാതകളിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമാകും.
ടോൾ ബൂത്തുകളിൽ വാഹനം നിർത്തി സമയമെടുത്ത് കടന്നുപോകുന്ന സാഹചര്യം ഇതോടെ ഒഴിവാകും. നിലവിൽ 10 പ്രധാന ലൊക്കേഷനുകളിൽ ഈ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അടുത്ത 12 മാസത്തിനുള്ളിൽ ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കി.
‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ (MLFF – Multi Lane Free Flow) എന്ന നൂതന ടോൾ കളക്ഷൻ മാതൃകയാണ് നടപ്പിലാക്കുന്നത്. വാഹനങ്ങൾ ടോൾ പ്ലാസയിൽ എത്തുകയോ, വേഗത കുറയ്ക്കുകയോ, ലെയ്ൻ മാറാൻ ശ്രമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഈ സംവിധാനത്തിന്റെ പ്രധാന ആകർഷണം ടോൾ പ്ലാസകൾ പൂർണമായും ഒഴിവാക്കാം എന്നതാണ്.
പുതിയ സംവിധാനത്തിൽ, നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ഹൈടെക് ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഓട്ടോമാറ്റിക്കായി തിരിച്ചറിയും. തുടർന്ന് വാഹനത്തിന്റെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോൾ തുക കൃത്യമായി പിൻവലിക്കപ്പെടും. ഈ ഇലക്ട്രോണിക് പരിഷ്കരണം ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
















