കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് അടിയന്തര യോഗം വിളിച്ചുചേർത്തു. ദേശീയപാത അധികൃതരും ജനപ്രതിനിധികളും കരാർ കമ്പനിയായ ശിവാലയയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ഉയരം കൂടിയ നിർമ്മാണ പ്രവർത്തനത്തിൽ അപകടം സംഭവിക്കാനുണ്ടായ കാരണം കരാർ കമ്പനി വിശദീകരിക്കേണ്ടി വരും. ദേശീയപാത അധികൃതരും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ കരാറുകാരനെതിരെ കർശന നടപടിയുണ്ടാകും.
ജില്ലയിൽ ഉയരം കൂടിയ ഭാഗങ്ങളിൽ നടക്കുന്ന മറ്റ് നിർമ്മാണങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തും. ഗതാഗതം തടസപ്പെട്ട കൊട്ടിയം മൈലക്കാട് ഭാഗത്ത് സംരക്ഷണ ഭിത്തികളുടെ ഉള്ളിലുള്ള മണൽ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്.
മണൽ പൂർണമായി നീക്കം ചെയ്ത ശേഷം മാത്രമായിരിക്കും ചതുപ്പ് പ്രദേശത്ത് തുടർ നിർമ്മാണ പ്രവർത്തനം ആരംഭിക്കുക. അതേസമയം കൊല്ലം തിരുവനന്തപുരം പാതയിൽ ഗതാഗത നിയന്ത്രണം തുടരും.
















