കർണാടകയിൽ തെരുവ് നായ്ക്കൾ യുവതിയെ കടിച്ചു കൊന്നു. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ അനിതയാണ് തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.
രാത്രി വൈകി നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് നായ്ക്കളുടെ കടിയേറ്റ് പരിക്കുപറ്റി കിടക്കുന്ന അനിതയെ കണ്ടെത്തുന്നത്. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. തലയ്ക്കായിരുന്നു ഗുരുതര പരുക്ക്.
ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിൽ എത്തിയ ഒരു വ്യക്തിയാണ് നായ്ക്കളെ പ്രദേശത്തെ റെയിൽവേ ക്രോസിനു സമീപം ഉപേക്ഷിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. യുവതിയെ രക്ഷിക്കാനായി ചെന്നപ്പോൾ തങ്ങളെയും ആക്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
















