ഇസ്രയേലും ഹമാസും ഉടൻ വെടിനിർത്തൽ കരാറിൻ്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
ഗാസയിൽ നിന്നുള്ള അവസാന ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കൈമാറിയതിനു ശേഷമായിരിക്കും രണ്ടാംഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കുക. ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ സൈനികവൽക്കരണവും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാസയെ സുരക്ഷിതമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കുക, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന ഇന്റർനാഷനൽ ബോർഡിന്റെ നേതൃത്വത്തിൽ ദൈദംദിന കാര്യങ്ങൾ നടപ്പാക്കുന്നതിനായി താൽക്കാലിക പലസ്തീൻ സർക്കാർ രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ ഉൾപ്പെടുന്നത്.
















