നടി ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുമ്പ് പുതിയ ഹർജിയുമായി ഒന്നാംപ്രതി പൾസർ സുനിയുടെ അമ്മ. സുനിൽകുമാറിൻ്റെ അമ്മ ശോഭനയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നൽകി മരവിപ്പിച്ചത്. ദിലീപ് നൽകിയ ക്വട്ടേഷൻ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എട്ട് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്.
കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഡാലോചന, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
















