ഇനി എണ്ണയും വാഴയിലും ഇല്ലാതെയും അടിപൊളിയായി മീൻ പൊരിച്ചെടുക്കാം. അതെങ്ങനെ എന്നാണോ? ഇൗ രീതിയിൽ തയാറാക്കി നോക്കൂ, ചൂടു ചോറിനൊപ്പം മീൻ പൊരിച്ചതും കഴിക്കാം.
ചേരുവകൾ
മീന്‍–ആവശ്യത്തിന്
കശ്മീരി മുളക്പൊടി–ഒന്നര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത്– അര ടീസ്പൂൺ
മഞ്ഞപൊടി– കാൽ ടീസ്പൂൺ
കുരുമുളക്പൊടി– അര ടീസ്പൂൺ
തേങ്ങ– ഒരു പകുതി
ഉപ്പ്– ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
കായപൊടി– ഒരു നുള്ള്
ഉലുവപൊടി– ആവശ്യത്തിന്
നാരങ്ങ– ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
മീൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കാം. തേങ്ങ ഒരു പകുതി മിക്സിയിൽ ഇത്തിരി വെള്ളവും ചേർത്ത് നന്നായി അരച്ച് പിഴിഞ്ഞെടുക്കാം. അതിലേക്ക് ഒന്നര ടീസ്പൂൺ കശ്മീരി മുളക്പൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, മഞ്ഞപൊടി, കുരുമുളക്പൊടി, ഒരു നുള്ള് കായപൊടിയും ഉലുവപൊടിയും ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കാം. ആ കൂട്ടിലേക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് 1 മണിക്കൂറോളം വയ്ക്കണം. ഇൗ മസാലകൂട്ടുകൾ മീനിലേക്ക് നന്നായി പിടിയ്ക്കും. ശേഷം അടുപ്പിൽ പാൻ വച്ചിട്ട് മീൻ കഷ്ണങ്ങൾ ഇടാം. തേങ്ങാപാലിൽ ആയതുകൊണ്ട് ചൂടാകുമ്പോൾ എണ്ണ തെളിഞ്ഞു വരുന്നതു കാണാം. വെന്തു പാകമാകുമ്പോൾ മീൻ മറിച്ചിട്ട് വേവിക്കാം. എണ്ണ ഒഴിക്കാതെയും നന്നായി മൊരിഞ്ഞ് രുചിയൂറും മീൻ പൊരിച്ചെടുക്കാം. വെളിച്ചെണ്ണ ചേർക്കാതെ തേങ്ങാപാലിൽ ആകുമ്പോൾ മീനിന് രുചിയേറും. ഇനി ഇങ്ങനെ മീൻ പൊരിച്ച് നോക്കാം.
















