രണ്ട് തക്കാളിയും രണ്ടല്ലി വെളുത്തുള്ളിയുമുണ്ടെങ്കിൽ നല്ല അസ്സൽരുചിയിൽ തയാറാക്കാം രസികൻ ചമ്മന്തി . ഇനി ദോശയ്ക്കോ ഇഡ്ഡലിക്കോ കൂട്ടാനായി ഉപയോഗിക്കാനാണെങ്കിൽ അൽപം വെള്ളമൊഴിച്ച് നീട്ടിയെടുത്താൽ മതി. പുളിയും എരിവും സമാസമം ചേരുന്ന തക്കാളി വെളുത്തുള്ളി ചമ്മന്തി തയാറാക്കിയാലോ.
ചേരുവകൾ
1. പഴുത്ത തക്കാളി വലുത് – 2 എണ്ണം
2. വെളുത്തുള്ളി –10 അല്ലി വലുത്
3. തേങ്ങാചിരകിയത് – 2 വലിയ സ്പൂൺ
4. വറ്റൽമുളക് – 2 എണ്ണം
5. വെളിച്ചെണ്ണ – ഒന്നര സ്പൂൺ
6. കടുക് – കാൽ സ്പൂൺ
7. വേപ്പില – 2 തണ്ട്
8. ഉപ്പ്– പാകത്തിന്
തയാറാക്കുന്ന വിധം
തക്കാളി മുകൾ ഭാഗം ക്രോസ് ആയി വരഞ്ഞ് തിളച്ച വെള്ളത്തിൽ 3 മിനിറ്റ് ഇട്ടശേഷം.പച്ചവെള്ളത്തിലിടാം. തണുത്ത ശേഷം തൊലിമാറ്റി കഷണങ്ങളാക്കുക. വെളുത്തുള്ളി നീളത്തിൽ രണ്ടായി മുറിച്ച് വെളിച്ചെണ്ണയിൽ തവിട്ടു നിറത്തിൽ നേരിയ തീയിൽ വറുത്തു കോരുക. മുളകും വറുത്തെടുക്കുക. തേങ്ങയും വറ്റൽ മുളകും തക്കാളിയും ഉപ്പും ചേർത്ത് ചമ്മന്തി പരുവത്തിൽ അരയ്ക്കുക. ലൂസ് ആകണമെങ്കിൽ കുറച്ച് വെള്ളം ചേർത്തരയ്ക്കുക.വറുത്തതിന്റെ ബാക്കി വെളിച്ചെണ്ണയിൽ കടുകും വേപ്പിലയും മൂപ്പിച്ച് അരച്ച മിശ്രിതം ചേർത്ത് ചൂടാക്കിയെടുക്കുക.
















