കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ സ്വാഗതം ചെയ്യുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നില്ലെന്ന് സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോടതി വിധി പറഞ്ഞാല്‍ അംഗീകരിക്കുക എന്നല്ലാതെ അമിതാഹ്ലാദം കൊള്ളുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത് നല്ലകാര്യമല്ലെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഒരുപാട് പരിണിതികള്‍ സിനിമാ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. അതിനെ കാണാതെ പോകരുത്. ഏറ്റവും ഫലപ്രദമായി പോലീസ് അന്വേഷിച്ച, ശുഷ്‌കാന്തിയോടെ പ്രോസിക്യൂഷന്‍ നടത്തിയ കേസില്‍ ഇത്തരത്തിലുള്ള വിധിയുണ്ടാവുമ്പോള്‍, വിധിന്യായത്തില്‍ പറയുന്ന കാര്യങ്ങളെ കാണാതെയും അഭിസംബോധനചെയ്യാതേയും പോകരുതെന്ന് അഭിപ്രായമുണ്ട്’, ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘അത്തരം കാര്യങ്ങളിലേക്ക് സംഘടനയെന്ന നിലയില്‍ കടക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, കേസിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയ തൊഴിലാളി പ്രസ്ഥാനം എന്ന നിലയില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്’, സംവിധായകന്‍ പറഞ്ഞു.
‘ക്രിമിനല്‍ കുറ്റാരോപിതരായവരെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാറുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി കുറ്റവിമുക്തനാണെന്ന് പറഞ്ഞാല്‍, സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ്. അവിടെ ഞാന്‍ വിശേഷാധികാരവും ഉപയോഗിക്കുന്നില്ല. സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെ. അദ്ദേഹത്തിന് താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സ്വാഗതംചെയ്യുകയോ തിരസ്‌കരിക്കുകയോ അല്ല വേണ്ടത്. അത്തരം ദ്വന്ദ്വത്തിനെന്താണ് പ്രസക്തി. കോടതി വിധി പറഞ്ഞാല്‍ അത് അംഗീകരിക്കുക എന്നല്ലാതെ അമിതാഹ്ലാദംകൊള്ളുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത് നല്ലകാര്യമല്ല’, എന്നായിരുന്നു വിധിയെ സ്വാഗതംചെയ്യുന്നുണ്ടോയെന്ന ചോദ്യത്തോട് മറുപടി.
















