വളരെയെളുപ്പത്തിൽ ഒരു മധുരപ്പലഹാരം തയ്യാറാക്കാം. കാജു കട്‌ലി. ഇതു തയ്യാറാക്കാനായി വളരെ കുറച്ച് ചേരുവകൾ മാത്രം മതി. കടകളില്‍ നിന്നും വാങ്ങുമ്പോള്‍ വലിയ വിലനല്‍കേണ്ടി വരുന്ന കാജു കട്‌ലി റെസിപ്പി നോക്കിയാലോ?.
ചേരുവകൾ
അണ്ടിപ്പരിപ്പ്- 300 ഗ്രാം
പഞ്ചസാര- മുക്കാൽ കപ്പ്
വെള്ളം- അരക്കപ്പ്
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ അണ്ടിപ്പരിപ്പ് നന്നായി പൊടിച്ച് എടുക്കുക. ശേഷം മുക്കാൽ കപ്പ് പഞ്ചസാര അരക്കപ്പ് വെള്ളത്തിൽ ചൂടാക്കി അലിയിച്ചെടുക്കണം. പഞ്ചസാര അലിഞ്ഞ് നല്ല കട്ടിയുള്ള സിറപ്പാകുമ്പോൾ സ്റ്റൗ ഓഫ് ആക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത ശേഷം നേരത്തെ പൊടിച്ച് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ചേർത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. പരത്തിയെടുക്കാൻ പാകത്തിന് മിശ്രിതം തണുത്തുകഴിയുമ്പോൾ കയ്യിൽ അൽപ്പം നെയ്യ് പുരട്ടിയതിന് ശേഷം ബട്ടർ പേപ്പറോ പാർച്ച്മെൻ്റ് പേപ്പറോ എടുത്ത് ഇതിനിടയിൽ വച്ച് നന്നായി പരത്തിയെടുക്കുക. കനം കുറച്ച് പരത്താൻ പ്രത്യേകം ശ്രദ്ധിക്കണം. അലങ്കാരത്തിനായി പരത്തിയതിന് ശേഷം മുകളിലേക്ക് സിൽവർ ലീവ്സോ ഗോൾഡൻ ലീവ്‌സോ ഒട്ടിക്കാം. ഇതിന് ശേഷം ഇഷ്‌ടമുള്ള ആകൃതിയില്‍ ഇതു മുറിച്ചെടുക്കാം. വായില്‍ കപ്പലോടിക്കുന്ന നല്ല രുചിയാണ് കാജു കട്‌ലിയ്ക്ക്.
















