നിയമ വ്യവസ്ഥയിലുള്ള വിശ്വാസം തകർത്തുകൊണ്ട്, പ്രതീക്ഷക്ക് മേൽ ഇരുട്ടടി നൽകിയ വിധിയിൽ കടുത്ത നിരാശയിലാണ് പൊതുസമൂഹം. മലയാള സിനിമയിലെ യുവനടിയെ ആക്രമിച്ച കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ അത്യന്തം നിരാശാജനകമായ വിധി, നീതി തേടി നിരന്തരം യുദ്ധം ചെയ്ത ഒരു പെൺകുട്ടിയുടെ ആത്മവിശ്വാസത്തിന്മേൽ ആണിയടിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. ഇങ്ങനെയൊരു വിധി ഏതാണ്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വിധി വരുന്നതിന് തൊട്ടുമുമ്പ് പ്രതിക്ക് അനുകൂലമായ സോഷ്യൽ മീഡിയാ തരംഗങ്ങളും ആൾക്കൂട്ടാക്രോശങ്ങളും കണ്ടപ്പോൾ തന്നെ അത് ഏതാണ്ട് ഉറപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. എങ്കിലും, നീതി നടപ്പാകുമെന്ന നേരിയ പ്രതീക്ഷ പലരും മനസ്സിൽ സൂക്ഷിച്ചിരുന്നു.
ആദ്യമായിട്ടായിരിക്കും ഒരു റേപ്പിന് കൊട്ടേഷൻ നൽകിയെന്ന ഞെട്ടിക്കുന്ന കേസ് കണ്ടിട്ടുണ്ടാകുക. ലൈംഗിക അതിക്രമത്തിന് ഇരയായിട്ടും തകർന്നുപോകാതെ, ആത്മഹത്യ ചെയ്യാതെ, “എനിക്ക് ഒളിച്ചിരിക്കാൻ ആകുമായിരുന്നില്ല” എന്ന് ഉറക്കെ പ്രഖ്യാപിച്ച് അവൾ പുറത്തുവന്നു. താൻ ഇരയല്ല, അതിജീവിതയാണെന്ന് തലയുയർത്തി നിന്ന്, തനിക്ക് സംഭവിച്ച അതിക്രമത്തെ നിയമപരമായി നേരിടാൻ അവൾ തീരുമാനിച്ചത് രാജ്യത്തെ ഒട്ടനവധി പെൺകുട്ടികൾക്ക് ഊർജ്ജമായി. അതിക്രമങ്ങളെ തുറന്നു പറയാനും നീതിക്ക് വേണ്ടി പോരാടാനുമുള്ള കരുത്താണ് പരോക്ഷമായി അവൾ സമൂഹത്തിന് നൽകിയത്.
എന്നാൽ, ഈ ധീരമായ നിലപാട് എടുത്ത പെൺകുട്ടിയെ പ്രതിഭാഗം വെറുതെ വിട്ടില്ല. കൊട്ടേഷൻ ടീമുകൾ അവളെ തേജോവധം ചെയ്തു, ഈ റേപ്പ് പോലും അവൾ ഉണ്ടാക്കിയ കള്ളക്കഥയാണെന്ന് ആരോപിച്ചു. ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ ഒരു പെൺകുട്ടി ഇത് തുറന്നു പറയുമോ, ആത്മഹത്യ ചെയ്യില്ലേ എന്ന് ചാനലുകളിൽ വന്നിരുന്ന് ചിലർ പരസ്യമായി വാദിച്ചു.
മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും, വ്യാജഗ്രൂപ്പുകൾ ഉണ്ടാക്കി സ്വയം ഇരയാണെന്ന് സ്ഥാപിക്കാനും, അവൾക്കുവേണ്ടി ശബ്ദിച്ചവരെ നിശബ്ദരാക്കാനും പ്രതിഭാഗം ശ്രമിച്ചു. ഇതിനെല്ലാം ആണും പെണ്ണുമടങ്ങിയ ഒരു വലിയ ‘ആൺകൂട്ടം’ കൈയടിക്കുകയും ജയ് വിളിക്കുകയും ചെയ്തു. സെലിബ്രിറ്റി സ്റ്റാറ്റസുള്ള, പണവും പിന്തുണയുമുള്ള ഒരു പെൺകുട്ടിയുടെ ഈ അവസ്ഥ, ഒരു സാധാരണ പെൺകുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുകയാണ്.
മാസങ്ങളും വർഷങ്ങളും നീണ്ട നിയമപോരാട്ടത്തിൽ, പകൽ പോലെ വ്യക്തമായ പല പിന്നാമ്പുറ രഹസ്യങ്ങളും വെളിച്ചത്തുവന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ രേഖകൾ ചോർന്നപ്പോൾ, കോടതി നടപടികളിലുള്ള അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കപ്പെട്ടില്ല. ഒന്നാം പ്രതി കോടികൾ എടുത്ത് അമ്മാനമാടുമ്പോൾ അതിന്റെ സ്രോതസ്സ് കോടതിക്ക് ഒരു വിഷയമായില്ല.
“ഞാൻ പറയുന്നത് എഴുതിയെടുക്കാൻ കനിവുണ്ടാകണം” എന്ന് പറഞ്ഞ അതിജീവിതയോട്, “സ്‌റ്റെനോഗ്രാഫർ പണി എടുക്കാൻ അല്ല ഞാനിവിടെ ഇരിയ്ക്കുന്നത്” എന്ന് പറഞ്ഞ ജഡ്ജിയുടെ ബെഞ്ചിൽ നിന്നാണ് ഒടുവിൽ വിധി വന്നിരിക്കുന്നത്. 28 പേരുടെ മൊഴിമാറ്റിച്ചതും, പണം നൽകിയതും, വ്യാജഗ്രൂപ്പ് ഉണ്ടാക്കിയതും, ഭീഷണിപ്പെടുത്തിയതും ഉൾപ്പെടെയുള്ള തെളിവുകൾ കണക്കിലെടുക്കാതെ വന്ന ഈ വിധി അതിജീവിതയുടെ പോരാട്ടത്തെ റദ്ദ് ചെയ്യുന്നതിന് തുല്യമായി.
ഈ വിധി നീതി നിഷേധമാകുമ്പോൾ, നിയമ വ്യവസ്ഥ അതിജീവിതകൾക്ക് പിന്തുണ നൽകുന്നില്ല എന്ന തിരിച്ചറിവാണ് പൊതുസമൂഹത്തെ പൊള്ളിക്കുന്നത്. വിധി വന്ന ശേഷമുള്ള പ്രതിക്ക് അനുകൂലമായ വെട്ടുകിളിക്കൂട്ടങ്ങളുടെ പരിഹാസവും ആക്രോശവും പ്രതിയുടെ അഹങ്കാരം നിറഞ്ഞ പ്രസ്താവനയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
സെലിബ്രിറ്റി സ്റ്റാറ്റസുള്ള, പണവും സപ്പോർട്ട് സിസ്റ്റവുമുള്ള ഒരു പെൺകുട്ടിക്ക് ഇതാണ് അവസ്ഥയെങ്കിൽ ഒരു സാധാരണ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്ന് ലോകം ഇന്നും നെടുവീർപ്പിടുന്നു. ഇരയാക്കപ്പെടുന്ന പെൺകുട്ടികൾക്ക് തുറന്നു പറയാനും നീതിക്ക് വേണ്ടി പോരാടാനുമുള്ള കരുത്ത് ഈ വിധി ഇല്ലാതാക്കുമോ എന്നതാണ് ഏറ്റവും വലിയ ഭയം. “അവൾക്ക് ഇങ്ങനെ എങ്കിൽ, എന്തായിരിക്കും എനിക്ക്” എന്ന് പെൺകുട്ടികൾ ചിന്തിച്ചുപോകുന്നത് നീതി എന്ന സ്വപ്നം വിദൂരമാക്കുന്നു.
















