ജനങ്ങളുടെ സ്വത്തിനും ജീവനും കാവൽ നിൽക്കേണ്ടവരാണ് പോലീസ്. നിയമപാലകരായി, നീതി നടപ്പാക്കേണ്ട ചുമതല വഹിക്കുന്നവർ. എന്നാൽ, അതേ യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഭീകരമായ കുറ്റവാസനകളുള്ള ഒരു വ്യക്തിയാണ് ജനങ്ങളുടെ പേടിസ്വപ്നമായി മാറിയതെങ്കിലോ? സംരക്ഷണം നൽകേണ്ടവർ തന്നെ വേട്ടക്കാരായി മാറുമ്പോൾ ഉണ്ടാകുന്ന ഞെട്ടലും വിശ്വാസത്തകർച്ചയും എത്രത്തോളം ഭയാനകമായിരിക്കും!
അങ്ങനെ ഒരു സംഭവം നമ്മുടെ രാജ്യത്ത് തന്നെ, അധികാരം ദുരുപയോഗം ചെയ്ത ഒരു സൈക്കോപാത്ത് പോലീസുകാരന്റെ ദുരന്തകഥയുണ്ടായിട്ടുണ്ട്. തന്റെ ഔദ്യോഗിക പദവി മറയാക്കി ഇയാൾ ചെയ്തുകൂട്ടിയത് ക്രൂരതയുടെ പര്യായങ്ങളാണ്. നിസ്സഹായരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിക്രൂരമായി കൊല ചെയ്ത് രക്തദാഹിയായ ഒരു രാക്ഷസൻ.
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വരെ മോഷ്ടിച്ച് ലൈംഗിക വൈകൃതങ്ങൾക്ക് അടിമപ്പെട്ട ആ പോലീസ് ഉദ്യോഗസ്ഥൻ, ആരുടെയെല്ലാം പേടിയായി, സങ്കടമായി, രോഷമായി മാറി എന്ന് ബംഗളൂരു നഗരം കണ്ണീരോടെ ഓർക്കുന്നു.
റിപ്പബ്ലിക് ദിന പരേഡിൽ യൂണിഫോമണിഞ്ഞു മാർച്ച് ചെയ്യുന്ന പോലീസുകാരുടെ നിരയിലേക്ക് ഒരു പെൺകുട്ടി ഭയത്തോടെ വിരൽ ചൂണ്ടി. “അതാണ് അയാൾ, എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ!” അവളുടെ ശബ്ദത്തിൽ ഭീതിയും ധൈര്യവും ഒരുപോലെ നിഴലിച്ചു.
ആ ഞെട്ടിക്കുന്ന തിരിച്ചറിയൽ ഒരു കാലത്ത് ബംഗളൂരുവിന്റെ ഉറക്കം കെടുത്തിയ, ഒട്ടേറെ സ്ത്രീകളുടെ ജീവിതം തകർത്ത ഒരു ക്രൂരനായ രാക്ഷസന്റെ യഥാർത്ഥ മുഖം ലോകത്തിനു മുന്നിൽ തുറന്ന് കാട്ടപ്പെടുകയായിരുന്നു. അറസ്റ്റിലായ ഉമേഷ് റെഡ്ഢി എന്ന പോലീസുകാരൻ ഒരു തുടക്കം മാത്രമായിരുന്നു; അത് തുറന്നിട്ടത് ക്രൂരതയുടെ ഒരു പാതാളമായിരുന്നു.
1996 ഡിസംബർ 6. കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് അരി പൊടിക്കാൻ പോയ പല്ലവി എന്ന പെൺകുട്ടിയെ കാണാതാകുന്നത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഡിസംബർ 8 ന് വീടിനടുത്തുള്ള വിജനമായ സ്ഥലത്ത് അവളുടെ മൃതദേഹം കണ്ടെത്തി. വസ്ത്രങ്ങൾ നീക്കം ചെയ്യപ്പെട്ട നിലയിലായിരുന്ന മൃതദേഹം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു.
ആഭരണങ്ങൾ നഷ്ടപ്പെട്ട ഈ കേസ് ആദ്യം കൂട്ടബലാത്സംഗവും മോഷണശ്രമവുമായാണ് പോലീസ് കണക്കാക്കിയത്. ഈ അന്വേഷണത്തിനിടെയാണ് പല്ലവിയുടെ വീടിനടുത്ത് താമസിച്ചിരുന്ന ഗീത എന്ന പെൺകുട്ടിക്ക് സമാനമായ ഒരു ദുരനുഭവം ഉണ്ടായതായി പോലീസ് അറിയുന്നത്.
ജോലി കഴിഞ്ഞ് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗീത. അച്ഛൻ സാധനം വാങ്ങാൻ കടയിൽ കയറിയപ്പോൾ തൊപ്പിവെച്ച ഒരാൾ അവളെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ, ധൈര്യം കൈവിടാതെ പ്രതികരിച്ച ഗീത, കയ്യിൽ കിട്ടിയ ഇഷ്ടിക കൊണ്ട് അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. അവളുടെ ഉറക്കെയുള്ള നിലവിളി കേട്ട് നാട്ടുകാരും അച്ഛനും ഓടിയെത്തിയതോടെ അയാൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
പോലീസ് ഗീതയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പരേഡ് കാണാനെത്തിയവരുടെ ഇടയിൽ വെച്ച് അവൾ തന്റെ നേർക്ക് അതിക്രമം കാണിച്ചയാളെ തിരിച്ചറിഞ്ഞത്. ഗീതയുടെ കൃത്യമായ വിവരണമനുസരിച്ച്, ആ പോലീസുകാരൻ അറസ്റ്റ് ചെയ്യപ്പെട്ടു. അയാളുടെ പേര്: ഉമേഷ് റെഡ്ഢി.
1961-ൽ ചിത്രദുർഗയിൽ ജനിച്ച ഉമേഷ്, ചെറുപ്പത്തിൽ തന്നെ ചെറിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സി.ആർ.പി.എഫിൽ കോൺസ്റ്റബിളായി ജോലി നേടി. ട്രെയിനിംഗിനിടെ കമാൻഡറുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ പിടിയിലായെങ്കിലും, വിദഗ്ധമായി അവിടെനിന്ന് രക്ഷപ്പെട്ട് കർണാടകയിലേക്ക് മടങ്ങി.
മതിയായ ബാഗ്രൗണ്ട് ചെക്കിംഗ് സംവിധാനം ഇല്ലാതിരുന്ന അക്കാലത്ത് വ്യാജരേഖകൾ ഉപയോഗിച്ച് ഇയാൾ സംസ്ഥാന പോലീസിൽ വീണ്ടും കോൺസ്റ്റബിൾ ജോലി നേടി. പോലീസ് യൂണിഫോമിന്റെ അധികാരവും മറയും ഉപയോഗിച്ച് ഉമേഷ് റെഡ്ഢി ഒരു സൈക്കോപാത്തായി മാറുകയായിരുന്നു.
ഇയാളുടെ വേട്ടയാടുന്ന രീതി തികച്ചും വെത്യാസം ആയിരുന്നു. ഭർത്താക്കന്മാർ ഇല്ലാത്ത സമയത്ത് വീട്ടിൽ തനിച്ചായിരുന്ന സ്ത്രീകളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. “അഡ്രസ് വെരിഫിക്കേഷൻ” എന്ന വ്യാജേന വീടുകളിൽ കയറും. കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യും.
അതിനുശേഷം അവരുടെ ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയും. ഉമേഷ് റെഡ്ഢിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ പോലീസുകാർക്ക് സ്ത്രീകളുടെ അടിവസ്ത്രങ്ങളും മറ്റ് വസ്ത്രങ്ങളും കണ്ടെത്താനായി; ഇത് ഇയാൾക്ക് ലൈംഗിക വൈകൃതങ്ങളുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറത്തു കൊണ്ടുവന്നു.
പിന്നീട് ബംഗളൂരുവിലെ ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അഹമ്മദാബാദിലേക്ക് കടന്നു. അവിടെയും ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. തുടർന്ന് ബറോഡയിൽ എത്തി സമാനമായ രീതിയിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി.
അങ്ങനെ ഒരു തവണ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ പിന്നീട് ബംഗളൂരുവിൽ തിരിച്ചെത്തി ചെറിയ ജോലികൾ ചെയ്യുന്നതിനിടെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച കേസിൽ 1997-ലും 1999-ലും വീണ്ടും പിടിയിലായി. 1999-ൽ കോടതി റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും, പോലീസുകാരെ കബളിപ്പിച്ച് ഇയാൾ വീണ്ടും രക്ഷപ്പെട്ടു.
ഒടുവിൽ, 2002-ൽ ഒരു മുടിവെട്ട് കടയിൽ വെച്ച് ജാഗ്രതയോടെ ഇരുന്ന ഒരു ഓട്ടോ ഡ്രൈവറാണ് ഉമേഷ് റെഡ്ഢിയെ തിരിച്ചറിയുകയും പോലീസിന് ഒറ്റിക്കൊടുക്കുകയും ചെയ്തത്.
നിരവധി കൊലപാതക കേസുകളിൽ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. 2022-ൽ ഇയാൾ നൽകിയ ദയാഹർജി തള്ളിയെങ്കിലും, ഇത്രയും കാലത്തെ കഠിന തടവ് കണക്കിലെടുത്ത് സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കി 30 വർഷത്തെ കഠിന തടവായി കുറച്ചു. നിലവിൽ ഉമേഷ് റെഡ്ഢി തടവറയിലാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഈ ഞെട്ടിക്കുന്ന കേസ്, നിയമപാലകരെ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ഒരു കറുത്ത ഓർമ്മപ്പെടുത്തലാണ്.
















