നടിയെ ആക്രമിച്ച കേസിൽ വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം സോഷ്യൽ മീഡിയയിൽ സ്റ്റോറിയാക്കി സംവിധായകൻ ആഷിഖ് അബു. മന്ത്രി പി. രാജീവ് പങ്കുവച്ച പോസ്റ്റാണ് ആഷിക് അബു സ്റ്റോറിയാക്കിയത്. അതിജീവിതയ്ക്കൊപ്പം നിൽക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടും സംവിധായകൻ പങ്കുവെച്ചു.
‘നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ബഹു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ’ എന്നാണ് മന്ത്രി പി. രാജീവിന്റെ പോസ്റ്റ്. ‘നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്കൊപ്പം നിൽക്കും.’ എന്നാണ് എം.വി ഗോവിന്ദൻ വ്യക്തമാക്കിയത്.
നടിയെ അക്രമിച്ച കേസിൽ എട്ടു വർഷത്തിനു ശേഷമാണ് വിധി വന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12 ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.
















