30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വനിത സംവിധായകരുടെ ചിത്രങ്ങള്‍. മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും ആന്തരിക സംഘര്‍ഷങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ഇവ സ്ത്രീ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണാനും അതിജീവനത്തിനായുള്ള പോരാട്ടം, സ്വത്വബോധം എന്നിവയിലേക്കും ക്യാമറ ചലിപ്പിക്കുന്നു. പ്രശസ്ത നടി ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ട് ആദ്യമായി സംവിധാനം ചെയ്ത ‘ദി ക്രോണോളജി ഓഫ് വാട്ടര്‍’ എഴുത്തിലൂടെയും നീന്തലിലൂടെയും തന്റെ സ്വത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന ലിഡിയ യുകാനവിച്ചിന്റെ ആത്മകഥ ആസ്പദമാക്കിയുള്ളതാണ്. പ്രണയം, നഷ്ടം, സ്വയം കണ്ടെത്തല്‍ എന്നിവ താണ്ടി വേദനകളെ കലയാക്കി പരിവര്‍ത്തനം ചെയ്യുന്ന സ്ത്രീയുടെ കഥനമാണ് ചിത്രം.
2025-ലെ കാന്‍സ് ചലച്ചിത്രമേളയുടെ ‘അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ്’ വിഭാഗത്തില്‍ ചിത്രം നിരൂപക പ്രശംസ നേടി. ലൂയിസ് ഹെമോന്റെ ‘ദി ഗേള്‍ ഇന്‍ ദി സ്‌നോ’, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആല്‍പ്സിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു യുവ അധ്യാപികയുടെ കഥയിലൂടെ പാരമ്പര്യവും പുരോഗമന ചിന്തകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രം 2025-ലെ കാന്‍സ് ക്വിന്‍സൈന്‍ ഡെ സിനിമാസ്റ്റെസസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും പ്രിക്‌സ് ജീന്‍ വിഗോ പുരസ്‌കാരം നേടുകയും ചെയ്തു. സിറിയന്‍ സംവിധായിക ഗയ ജിജിയുടെ ‘പീസസ് ഓഫ് എ ഫോറിന്‍ ലൈഫ്’ യുദ്ധത്തില്‍ തകര്‍ന്ന സിറിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്യുന്ന സല്‍മയുടെ അതിജീവനത്തിന്റെ കഥയാണ്.
കുടിയേറ്റം, മാതൃത്വത്തിലെ ഒറ്റപ്പെടല്‍, നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുക്കാനുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മോസ്ട്ര ഡെ വലന്‍സിയ ചലച്ചിത്രമേളയില്‍ സില്‍വര്‍ പാം പുരസ്‌കാരവും മികച്ച നടിക്കുള്ള അവാര്‍ഡും ചിത്രം നേടി. തായ്വാന്‍ നടി ഷു ക്വിയുടെ അരങ്ങേറ്റ ചിത്രമായ ‘ഗേള്‍’, 1980-കളിലെ തായ്വാന്‍ പശ്ചാത്തലമാക്കി, ഗാര്‍ഹിക പീഡനങ്ങളുടെയും കൗമാരത്തിലെ ആന്തരിക സംഘര്‍ഷങ്ങളുടെയും നടുവില്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്നു. 30-ാമത് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനുള്ള ബുസാന്‍ അവാര്‍ഡ് ചിത്രം നേടി.
പോളിന്‍ ലോക്വിസിന്റെ ‘നിനോ’ എന്ന ഫ്രഞ്ച് ചിത്രം 29-ാം പിറന്നാളിന് തൊട്ടുമുമ്പ് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്ന നിനോ എന്ന യുവാവിന്റെ കഥയാണ്. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ഇടയിലുള്ള മൂന്ന് ദിവസങ്ങള്‍, ജീവിതം, മരണം, സൗഹൃദം എന്നിങ്ങനെ വിവിധ പ്രമേയങ്ങളെ ശക്തമായി അവതരിപ്പിക്കുന്നു. 41-ാമത് വാര്‍സോ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടി. അഞ്ച് ചിത്രങ്ങളും സ്ത്രീ കാഴ്ചപ്പാടിലൂടെ ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചലച്ചിത്രമേളയില്‍ അവസരമൊരുക്കും.
CONTENT HIGH LIGHTS; 5 films in the Female Focus category, including Kristen Stewart’s ‘Chronology of Water’
















