നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനോട് മാപ്പു ചോദിച്ച് സംവിധായകൻ ആലപ്പി അഷറഫ്. മുൻപ് ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചതിനും വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയതിനുമാണ് ആലപ്പി അഷറഫ് ദിലീപിനോട് മാപ്പ് ചോദിച്ചത്. പ്രോസിക്യൂഷനും പൊലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ വന്ന കോടതി വിധിയെന്നും നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് ഞാൻ ഈ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധി ഇപ്രകാരമായപ്പോൾ അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക്, ജയിൽവാസം, അപമാനം, കരിയർ നശിപ്പിച്ചത്, ആര് ഉത്തരവാദിത്വം പറയുമെന്നും ആലപ്പി അഷറഫ് ചോദിച്ചു.
‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തിൽ അതിജീവിതയുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ച അദ്ദേഹം കേസിൽ ദിലീപ് നിരപരാധിയാണെന്ന കോടതിയുടെ കണ്ടെത്തലിനെ സ്വീകരിക്കുന്ന നിലപാടാണ് എടുത്തത്.
ആലപ്പി അഷറഫിന്റെ വാക്കുകൾ:
നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്. ഒരു പാവം പെൺകുട്ടിയുടെ മാനത്തെ പിച്ചിച്ചീന്തിയ കാട്ടാളന്മാർക്കെതിരെയുള്ള വിധി വന്നിരിക്കുകയാണല്ലോ. അന്ന് ആ രാത്രിയിൽ അവളുടെ പ്രാണന്റെ പിടച്ചിലും കണ്ണുനീരും സമാനതകളില്ലാത്തതായിരുന്നു. ക്രൂരതയുടെ വേദനയിൽ നിന്നുയർന്ന ദീനരോദനം കേട്ട് ആഘാതം കൊണ്ടവരും, അത് കണ്ടില്ലെന്ന് നടിച്ചവരും, കേട്ടില്ലെന്ന് നടിച്ചവരുമെല്ലാം പലവിധത്തിലുള്ള നീറുന്ന അനുഭവങ്ങളുമായി കടന്നുപോകുന്നത് നമ്മൾ കാണുകയാണ്.
മധുരാനഗരം കത്തിച്ചു ചാമ്പലാക്കിയ കണ്ണകിയായി ഇവിടെ അതിജീവിത മാറുകയായിരുന്നു. സംഭവം നടന്നത് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ദിലീപിന്റെ മേൽ സംശയം തോന്നിയിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ള ചില മിമിക്രിക്കാർ ദുബായിൽ നടന്ന ഒരു ഷോയിൽ വെച്ച് നടന്ന ചില സംഭവങ്ങളെക്കുറിച്ച് എനിക്ക് സൂചന തന്നിരുന്നു. ഇതിന്റെ പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാരിയർ ആദ്യമായി വെളിപ്പെടുത്തിയപ്പോൾ എന്റെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീൻ ഇമേജുള്ള പൊലീസ് ഉദ്യോഗസ്ഥരും കീഴ്‌ക്കോടതിയും ഹൈക്കോടതിയും വരെ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ട്’ എന്ന് ആവർത്തിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചതിനാലാണല്ലോ അദ്ദേഹത്തിന് 85 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്നത്.
ഒരു സാധാരണ പൗരനെന്ന നിലയിലും ദിലീപിന്റെ മുൻ ചെയ്തികൾ അറിയാവുന്ന വ്യക്തി എന്ന നിലയിലും നമ്മുടെ നീതിന്യായ വ്യവസ്ഥയും സിസ്റ്റവും പറയുന്നത് വിശ്വസിക്കണമോ അതോ ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിക്കുന്ന പി.ആർ. വർക്കേഴ്‌സ് പറയുന്നത് വിശ്വസിക്കണമോ എന്ന ചിന്തയുണ്ടാകാം. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ബന്ധങ്ങൾ മറന്ന് സംസാരിക്കേണ്ടി വരും. എനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല, നല്ലൊരു കലാകാരൻ എന്ന നിലയിൽ ഇഷ്ടവുമായിരുന്നു. ഇന്നുവരെ ഒരു കാര്യസാധ്യത്തിനായും ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടുമില്ല.
ഈ പെൺകുട്ടിക്ക് ഇങ്ങനെ ഒരു അതിക്രമം സംഭവിച്ചു എന്നത് പച്ചയായ യാഥാർഥ്യമാണ്. എന്നാൽ, ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല എന്നത് പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും പരാജയമാണ്. പ്രോസിക്യൂഷനും പൊലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ വന്ന കോടതി വിധി. നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് ഞാൻ ഈ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. എന്നാൽ, കോടതി വിധി ഇപ്രകാരമായപ്പോൾ അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക്, ജയിൽവാസം, അപമാനം, കരിയർ നശിപ്പിച്ചത്, ആര് ഉത്തരവാദിത്വം പറയും?
ഇവിടെ കുറ്റവാളികൾ ഇവിടുത്തെ ഭരണകൂടമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളെ വിശ്വസിച്ച വലിയൊരു സമൂഹത്തെയാണ്. ഇനിയും മുകളിലോട്ട് കോടതികൾ ഉണ്ടല്ലോ, അപ്പീൽ പോകും എന്നൊക്കെ പറഞ്ഞ് ഇപ്പോൾ ഹാജരാക്കിയ തെളിവുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ സ്ഥിതിഗതികൾ ഇതിലും ദയനീയമായിരിക്കും. ഇനിയും നിങ്ങളെ വിശ്വസിച്ച ജനത്തിന്റെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ ധരിക്കരുത്.
ഞാൻ പലപ്പോഴും ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ അവതാരകൻ എന്നോട് ചോദിച്ചു, ദിലീപിനെ വെറുതെ വിട്ടാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, അങ്ങനെ വന്നാൽ ഞാൻ അദ്ദേഹത്തോട് നിരുപാധികം മാപ്പ് പറയുമെന്ന്. അദ്ദേഹം നിരപരാധിയാണെന്ന് കോടതിയുടെ വിധിയിൽ വിശ്വസിച്ചുകൊണ്ട് എന്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളിൽ ഞാൻ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. ഇതെന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്. തെറ്റിദ്ധാരണകൾ മൂലം തെറ്റുകൾ സംഭവിക്കാം. അത് തിരുത്തപ്പെടുമ്പോഴാണല്ലോ നമ്മൾ നന്മയുള്ളവരായി മാറുന്നത്. നിർത്തുന്നു, നന്ദി, നമസ്കാരം.”
















