മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഹരിത ജി. നായർ. നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ച് നടി ഹരിത ജി. നായർ. എഡിറ്റർ വിനായകിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഒന്നര വർഷമായി രണ്ടുപേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേർപിരിയൽ.
15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകരും. മിനിസ്ക്രീൻ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ വിനായകുമായുള്ള വിവാഹം ആരാധകരും അന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. ബാല്യകാല സുഹൃത്താണ് വരൻ, വർഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ്, ഇരു കുടുംബങ്ങളുമായും വർഷങ്ങളുടെ പരിചയമുണ്ട്. അതിനാൽ തന്നെ ഹരിതയുടെയും വിനായകിന്റെയും പ്രണയവിവാഹമായിരുന്നു എന്ന സംശയമായിരുന്നു പ്രേക്ഷകർക്കെല്ലാം. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത പറഞ്ഞിരുന്നു.
‘‘ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്.
ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവർത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു.
ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ… ജീവിക്കാൻ അനുവദിക്കൂ.’’–വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത കുറിച്ച വാക്കുകള്‍.
വിനായകുമായുള്ള സൗഹൃദത്തെക്കുറിച്ച് വിവാഹ സമയത്ത് ഹരിത പറഞ്ഞത്, ‘‘ഞാനും വിനായകും വളരെ ചെറുപ്പം മുതലേ ഉള്ള അടുത്ത കൂട്ടുകാരാണ്. ഒരു ക്ലാസ്സിലും നമ്മൾ ഒരുമിച്ചു പഠിച്ചിട്ടില്ല. ഞങ്ങൾ ഒരു എട്ടുപേരായിരുന്നു കൂട്ടുകാർ. ഏഴാം ക്ലാസിൽ പഠിക്കുന്ന വരെ ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് ചോദിക്കുമ്പോൾ എന്റെ അമ്മയുടെ പേരാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അപ്പോൾ എനിക്ക് തോന്നി ഇനി ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ പേര് പറയണം എന്ന്. അങ്ങനെയാണ് വിനായകിനെ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കുന്നത്.
ഞാൻ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് വിനായക് എന്ന ബെസ്റ്റ് ഫ്രണ്ട്. ഞാൻ എന്നോട് പറയുന്ന സത്യങ്ങൾ ഒക്കെയും എനിക്ക് വിലപ്പെട്ടതാണ്. പക്ഷേ അവനു അത്ര വലിയ ഒരു സംഭവം ഒന്നും ഉണ്ടായിരുന്നില്ല. പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ അവൻ എഡിറ്റിങ് കോഴ്സ് ഒക്കെ പഠിക്കാൻ പോയി. ഞാൻ എങ്കിലും അവനെ ഇടക്കിടക്ക് വിളിക്കും. പ്ലസ്‌ടു കഴിഞ്ഞപ്പോഴും ഞാൻ വിളിക്കും അങ്ങനെ ആയിരുന്നു. ഞങ്ങൾ നല്ല കൂട്ടുകാർ ആണെന്ന് അറിയാമായിരുന്നു. അല്ലാതെ പ്രണയം ഒന്നും നമുക്കിടയിൽ ഉണ്ടായിരുന്നില്ല. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബം ഒന്നായി. അവന്റെ കുടുംബം എന്റെ കുടുംബം പോലെയും എന്റെ കുടുംബം അവന്റെ കുടുംബം പോലെയും ആയി. അങ്ങനെ വീട്ടുകാർ ആണ് ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തത്,ആദ്യം ഞങ്ങൾ രണ്ടാളും വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു.
കുടുംബത്തിൽ എല്ലാവർക്കും നല്ല ആഗ്രഹം ആയിരുന്നു. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞപ്പോൾ ആ എന്നാ നമുക്ക് നോക്കാം എന്ന് പറയുന്നത് അവനാണ്. അതാണ് നിശ്ചയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയത്. അല്ലാതെ ഒരു ലവ് സ്റ്റോറിയും പറയാൻ ഇല്ല. ആകെ ഉള്ളത് ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമാണ്.’’
ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്ററാണ് വിനായക്. ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്. നുണക്കുഴി, നേരം തുടങ്ങിയ സിനിമകളിലും വിനായക് പ്രവർത്തിച്ചിട്ടുണ്ട്. .
കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. കസ്തൂരിമാനുശേഷം തിങ്കള്‍ക്കലമാന്‍, ശ്യാമാമ്പരം തുടങ്ങിയ സീരിയലുകളിലും ഹരിത വേഷമിട്ടു. ‘ചെമ്പരത്തി; എന്ന സീരിയലിലാണ് ഹരിത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
















