നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെവിട്ട വിധിയിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. ‘പറയാനുള്ളത് നേരത്തെ പറഞ്ഞു പോയി’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പ്രതികരിച്ചത്. 2017ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പത്ര കട്ടിങ്ങും അതിനൊപ്പം പങ്കുവെച്ചു. കേസിന്റെ അന്തിമഫലം അഭിഭാഷകരെയും പണത്തിന്റെ സ്വാധീനവും അനുസരിച്ചായിരിക്കുമെന്നായിരുന്നു 2017ൽ നൽകിയ അഭിമുഖത്തിൽ ജോയ് മാത്യു പറഞ്ഞത്.
അതു ശരിവയ്ക്കുന്ന വിധിയാണ് കേസിൽ വന്നതെന്ന് അടിവരയിട്ടുകൊണ്ടാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കേസിൽ തിങ്കളാഴ്ചയാണ് വിധി വന്നത്. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ഏഴും എട്ടും പ്രതികളെ കുറ്റവിമുക്തരാക്കി. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ സമ്മിശ്രപ്രതികരണമാണ് ഉയരുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്.
കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
















