ജബല്‍പുര്‍: ഓസ്ട്രേലിയയുടെ രൂപീകരണത്തിന് മതപരമായ വിശദീകരണം നൽകി ആത്മീയ നേതാവ് അനിരുദ്ധാചാര്യ. രാമ-രാവണ യുദ്ധകാലത്താണ് ഓസ്‌ട്രേലിയയുടെ ഉദ്ഭവം എന്ന തരത്തിലുള്ള അനിരുദ്ധാചാര്യയുടെ പ്രസംഗം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സീതാദേവിയെ രക്ഷിക്കാൻ ശ്രീരാമൻ ലങ്കയിൽ രാവണനുമായി യുദ്ധം ചെയ്ത കാലം മുതലുള്ളതാണ് ഓസ്‌ട്രേലിയയുടെ ഉത്ഭവമെന്ന് അനിരുദ്ധാചാര്യ വിശദീകരിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആയുധങ്ങള്‍ കൊണ്ടുതള്ളുന്നതിനായി കണ്ടെത്തിയ ദ്വീപാണ് പിന്നീട് ഓസ്‌ട്രേലിയ എന്നാണ് അനിരുദ്ധാചാര്യയുടെ പുതിയ വാദം.
‘ഓസ്ട്രേലിയയുടെ യാഥാര്‍ത്ഥ്യം’ എന്ന തലക്കെട്ടോടെയാണ് അനിരുദ്ധാചാര്യ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. രാമ-രാമവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയില്‍ യുദ്ധശേഷമുള്ള സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘രാമ-രാവണ യുദ്ധം കഴിഞ്ഞപ്പോള്‍, വലിയ തോതില്‍ സൈനികര്‍ കൊല്ലപ്പെട്ടു. അവരുടെയെല്ലാം വാളുകള്‍ ഉപേക്ഷിക്കപ്പെട്ടു. ലങ്കയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടു.’ അദ്ദേഹം പറഞ്ഞു.
‘ഒന്ന് ചിന്തിച്ചുനോക്കൂ. രാവണന്റെ ഒരു ലക്ഷം മക്കള്‍, രാവണന്റെ ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരും അവിടെയുണ്ടായിരുന്നു? എല്ലാ സൈനികരെയും രാമസൈന്യം കൊന്നൊടുക്കി. അപ്പോള്‍ ഈ കൊല്ലപ്പെട്ടവരുടെയെല്ലാം വാളുകള്‍, അവരുടെ മറ്റ് ആയുധങ്ങള്‍, എല്ലാം അനാഥമായി. യുദ്ധത്തിനുശേഷം ലങ്കയില്‍ വലിയ അളവില്‍ ആയുധങ്ങള്‍ കൂമ്പാരമായി.’ അനിരുദ്ധാചാര്യ പറഞ്ഞു.
‘ഈ ആയുധങ്ങള്‍ സാധാരണക്കാരുടെ കൈയില്‍ കിട്ടിയാല്‍ എന്താവും സ്ഥിതി. രാവണന്റെയോ മേഘനാഥന്റെയോ വാളുകള്‍ അത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ശ്രീരാമന്‍ ഭയന്നു. അങ്ങനെ, ആയുധങ്ങള്‍ ലങ്കയില്‍നിന്നു കുറച്ചകലെയുള്ള ഒരു ദ്വീപില്‍ ഉപേക്ഷിക്കാന്‍ രാമന്‍ തന്റെ സൈനികരോട് പറഞ്ഞു. അങ്ങനെ, അവര്‍ ആ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെത്തിയ ദ്വീപാണ്, അസ്ത്രാലയം (ആയുധപ്പുര) ആയത്. ആ ദ്വീപാണ് പിന്നീട് ഓസ്ട്രേലിയ എന്നറിയപ്പെട്ടത്.’ വീഡിയോയില്‍ അനിരുദ്ധാചാര്യ വിശദീകരിക്കുന്നു.
ഏഴ് മില്യണിലധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിട്ടുള്ളത്. അനിരുദ്ധാചാര്യക്കെതിരെ രൂക്ഷമായ പരിഹാസമാണ് വീഡിയോയുടെ കമന്റ് സെക്ഷനില്‍ നിറയുന്നത്. ‘ശരി, അപ്പോള്‍ അതുകൊണ്ടാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ ബാറ്റ് വാള്‍ പോലെ ഉപയോഗിക്കുന്നത്, രാമായണത്തില്‍ വാളുകള്‍ ഉപയോഗിച്ചതുപോലെ.’ ഒരു ഉപയോക്താവ് പരിഹസിച്ചു.
‘ഓസ്ട്രേലിയയ്ക്ക് നീതി വേണം.’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘അങ്ങനെയെങ്കില്‍, ഐഫോണിന്റെ കണ്ടുപിടുത്തം നടത്തിയത് ഐസക് ന്യൂട്ടണ്‍ ആയിരിക്കുമല്ലോ.’ എന്നായി മറ്റൊരാള്‍. ‘അതൊക്കെ ട്രാവീസ് ഹെഡിന് കിട്ടിയ ആയുധങ്ങളാണ്,’ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവീസ് ഹെഡിനെ പരാമര്‍ശിച്ച് ഒരു ഉപയോക്താവ് പറഞ്ഞു.
















