നമ്മളിൽ പലർക്കുമുള്ള ഒരു ശീലമാണല്ലേ എഴുനേറ്റു വന്നാൽ ഉടൻ ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത്. എന്നാൽ വെറും വയറ്റിൽ കട്ടൻ കാപ്പി കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പെട്ടെന്ന് ഊർജം നൽകാൻ കട്ടൻകാപ്പി സഹായിക്കും. കഫീൻ ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലാണ് ഇത്തരത്തിൽ ഒരു ഊർജം ലഭിക്കുന്നത്.
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കിയാലോ?
ഹൃദയാരോഗ്യം മെച്ചപ്പെടും
കട്ടൻകാപ്പിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കും. ഹൃദ്രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണിത്. പതിവായി കട്ടൻ കാപ്പി കുടിക്കുന്നതിലൂടെ രക്തസമ്മർദം കുറയ്ക്കാനും ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
മെച്ചപ്പെട്ട ഉദരാരോഗ്യം
ഉദരത്തിലെ ആസിഡുകളെ വർധിപ്പിക്കുക വഴി ദഹനം മെച്ചപ്പെടുത്താൻ കട്ടൻകാപ്പി സഹായിക്കും. ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വെറും വയറ്റിൽ കട്ടൻകാപ്പി കുടിക്കുന്നതു വഴി ശരീരത്തിലെ വിഷാംശങ്ങളെയും ഉപദ്രവകാരികളായ ബാക്ടീരിയകളെയും പുറന്തള്ളാൻ സാധിക്കും. എന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്.
കാൻസര്‍ വരാതെ തടയുന്നു
പതിവായി കട്ടൻകാപ്പി കുടിക്കുന്നവർക്ക് മലാശയ അർബുദം, കരളിലെ അർബുദം, എൻഡോമെട്രിയൽ കാൻസർ ഇവ വരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കട്ടൻകാപ്പിയിൽ അടങ്ങിയ ശക്തിയേറിയ ആന്റിഓക്സിഡന്റുകൾ ചിലയിനം കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കും. കാപ്പിയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ, ഫ്രീറാഡിക്കലുകളുടെ നാശം തടഞ്ഞ് കോശങ്ങളെ സംരക്ഷിക്കുന്നു.
കരളിന്റെ ആരോഗ്യം
പതിവായി കട്ടൻകാപ്പി കുടിക്കുന്നത് കരൾരോഗം വരാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ ഫാറ്റിലിവർ, ലിവർ കാൻസർ, കരളുമായി ബന്ധപ്പെട്ട മറ്റ് രോഗാവസ്ഥകൾ ഇവ വരാനുള്ള സാധ്യതയും കട്ടൻകാപ്പി കുടിക്കുന്നതിലൂടെ കുറയും.
മനോനില മെച്ചപ്പെടുത്തുന്നു
മനോനിലയും ഫോക്കസും മെച്ചപ്പെടുത്താൻ കാപ്പി സഹായിക്കും. കട്ടൻകാപ്പിയിലെ കഫീൻ, തലച്ചോറിലെ ഇൻഫ്ലമേഷൻ കുറയ്ക്കുക വഴി ആന്റിഡിപ്രസന്റ് ആയി പ്രവർത്തിക്കുന്നു. വിഷാദ സാധ്യത കുറയ്ക്കാനും കട്ടൻകാപ്പിയുടെ പതിവായ ഉപയോഗം സഹായിക്കും.
അൽസ്ഹൈമേഴ്സിൽ നിന്ന് സംരക്ഷണം
തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പതിവായി കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുന്നു. ഓർമക്കുറവും മറവിരോഗവും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. കാപ്പിയിലടങ്ങിയ കഫീനും ആന്റിഓക്സിഡന്റ് സംയുക്തങ്ങളും കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ഓർമക്കുറവ് സാവധാനത്തിലാകാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കട്ടൻകാപ്പി കുടിക്കുന്നതിലൂടെ സാധിക്കും.
പാർശ്വഫലങ്ങൾ
ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നതുപോലെ കട്ടൻകാപ്പിയുടെ അമിതമായ ഉപയോഗം ചില പാർശ്വഫലങ്ങൾക്ക് കാരണമാകും. കഫീനോട് അഡിക്റ്റ് ആയവരിൽ ഹൃദയമിടിപ്പിന്റെ നിരക്ക് ഉയരാം. ഉദരത്തില്‍ അസ്വസ്ഥതയും ആസിഡ് റിഫ്ലക്സും ഉണ്ടാകാം. ഉത്കണ്ഠ, ഉറക്കമില്ലായ്മ ഇവയും കഫീന്റെ അമിതോപയോഗം മൂലം വരാം. കഫീനോട് ആസക്തിയുള്ള ചിലരിൽ പിൻവാങ്ങൽ ലക്ഷണങ്ങളും പ്രകടമാകാം.
















