അപ്രതീക്ഷിതമായി സർവീസ് റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇൻഡിഗോ യാത്രക്കാർക്ക് ആശ്വാസമായി വൻ പ്രഖ്യാപനം. യാത്രാതടസ്സം നേരിട്ടവർക്ക് 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ഡിസംബർ 3, 4, 5 തീയതികളിൽ ബുക്ക് ചെയ്‌ത യാത്രക്കാർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക.
യാത്ര മുടങ്ങിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ ദുരിതത്തിലായ ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഈ തീരുമാനം പ്രയോജനകരമാവുക. നിലവിലെ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനു പുറമേയാണ് ഇൻഡിഗോ ഈ സൗജന്യ വൗച്ചർ അനുവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ സർവീസ് റദ്ദാക്കിയാൽ യാത്രാ സമയത്തിന്റെ അടിസ്ഥാനത്തിൽ 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് സാധാരണയായി നഷ്ടപരിഹാരം നൽകുന്നത്.
ഈ നഷ്ടപരിഹാരത്തിന് പുറമെ നൽകുന്ന 10,000 രൂപയുടെ യാത്രാ വൗച്ചറുകൾക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാകും. ഈ സമയപരിധിക്കുള്ളിൽ ഇൻഡിഗോ വഴിയുള്ള ഏത് യാത്രകൾക്കും ഈ തുക ഉപയോഗിക്കാവുന്നതാണ്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എയർലൈൻസ് വ്യക്തമാക്കി.
നിലവിൽ തടസ്സപ്പെട്ട യാത്രകൾക്കായി യാത്രക്കാർ നൽകിയ മുഴുവൻ നിരക്കും തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു. ട്രാവൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ബുക്കിങ് നടത്തിയിട്ടുള്ളതെങ്കിലും യാത്രക്കാർക്ക് എത്രയും പെട്ടെന്ന് പണം തിരികെ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വേഗത്തിൽ ആശ്വാസം നൽകാനും വിശ്വാസം വീണ്ടെടുക്കാനുമുള്ള എയർലൈൻസിന്റെ ശ്രമമായി ഈ പ്രഖ്യാപനത്തെ വിലയിരുത്താം.
















