നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്ത മലയാള ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ധീരം’ ജിസിസി രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത് വിലക്കി. സൗദി അറേബ്യ, കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലാണ് ചിത്രം നിരോധിച്ചത്. ഡിസംബർ അഞ്ചിന് കേരളത്തിൽ റിലീസ് ചെയ്തെങ്കിലും വിദേശ റിലീസിന് വിലങ്ങു വീഴുകയായിരുന്നു.
ട്രാൻസ്‌ജെൻഡർ വ്യക്തി സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് വിലക്കിന് പ്രധാന കാരണം. റെമോ എൻ്റർടെയ്ൻമെൻ്റ്, മലബാർ ടാക്കീസ് ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ, റിമോഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ പങ്കാളിത്തം അനുവദനീയമല്ലാത്തതിനാലാണ് ഗൾഫ് സെൻസർ ബോർഡുകൾ ഈ നടപടി സ്വീകരിച്ചത്.
സൗദി അറേബ്യൻ സെൻസർ ബോർഡ് ചിത്രത്തിൻ്റെ റിലീസിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ, കുവൈത്തിൽ നിന്ന് ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശമാണ് ലഭിച്ചത്.
“നിലവിൽ, ജിസിസിയിൽ ‘ധീരം’ റിലീസ് ചെയ്യാൻ സാധിക്കില്ല. അഭിനേതാക്കളിൽ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി ഉള്ളതിനാൽ ചിത്രം സൗദിയിൽ റിലീസ് ചെയ്യാൻ കഴിയില്ലെന്നാണ് സൗദി സെൻസർ ബോർഡിൽ നിന്ന് ലഭിച്ച വിവരം. അവരുടെ ഭാഗങ്ങൾ നീക്കം ചെയ്താൽ കുവൈത്തിൽ റിലീസ് ചെയ്യാമെന്ന് നിർദ്ദേശം ലഭിച്ചു,” സംവിധായകൻ ജിതിൻ ടി. സുരേഷ് പ്രതികരിച്ചു.
ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന നിലയിൽ, ആക്ഷൻ രംഗങ്ങളും ത്രില്ലർ ചേരുവകളും ഉൾപ്പെടുത്തി ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ദൗത്യമാണ് സിനിമയുടെ ഇതിവൃത്തം. ‘ധീരത്തിന്’ ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് ‘A’ റേറ്റിംഗ് ലഭിച്ചിരുന്നു. “ആ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല. സമൂഹത്തിൽ LGBTQIA+ സാധാരണ നിലയിലാക്കാനും ഞങ്ങൾ ആഗ്രഹിച്ചു,” സംവിധായകൻ കൂട്ടിച്ചേർത്തു.
ജിസിസി രാജ്യങ്ങളിൽ LGBTQIA+ പരാമർശങ്ങൾ കാരണം സിനിമകൾ വിലക്കുന്നത് ഇതാദ്യമല്ല. ‘ഒരു ജാതി ജാതകം’, ‘മരണമാസ്’ തുടങ്ങിയ സിനിമകളും സമാനമായ കാരണങ്ങളാൽ മുൻപ് പല ഗൾഫ് രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.
















